കൊട്ടിക്കലാശത്തിനിടെ കല്ലേറ്; രമ്യ ഹരിദാസിനു പരുക്ക്
ആലത്തൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിനിടെ ആലത്തൂരില്‍ എല്‍.ഡി.എഫ് കല്ലേറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനും വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെക്കും പരുക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. രമ്യ ഹരിദാസിന്റെ റോഡ് ഷോ ദേശീയ മൈതാനത്ത് സമാപിച്ചശേഷം കോര്‍ട്ട് റോഡിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്.
പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് കൊട്ടിക്കലാശം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് വരികയായിരുന്നു. വാനൂര്‍ റോഡ് ഭാഗത്തുവച്ചാണ് ആക്രമണം നടന്നത്. പൊലിസ് ഇരുവിഭാഗത്തോടും വഴിതിരിഞ്ഞ് പോകാന്‍ അഭ്യര്‍ഥിക്കുന്നതിനിടെയാണ് കല്ലേറ് ആരംഭിച്ചത്. രമ്യ ഹരിദാസിന്റെ തുറന്നവാഹനത്തിന്റെ ചില്ല് പൊട്ടി. വാഹനത്തില്‍ തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരുക്കു പറ്റിയത്. ഈ സമയത്താണ് എം.എല്‍.എ അനില്‍ അക്കരെക്കും പരുക്കേല്‍ക്കുന്നത്. രമ്യ ഹരിദാസിനേയും അനില്‍ അക്കരെ എം.എല്‍.എയേയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.ഡി പ്രസന്നന്‍ എം.എല്‍.എയും ചികിത്സ തേടി.
ആലത്തൂര്‍ സ്റ്റേഷനിലെ സി.പി.ഒ പ്രകാശന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റജുല ഷാജി, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മായന്‍, ബദറുദ്ദീന്‍ അലി, മമൂസക്കുട്ടി, മുട്ടിക്കുളങ്ങര എ.ആര്‍ ക്യാംപിലെ സി.പി.ഒ അനൂപ് എന്നിവര്‍ക്കും പരുക്കേറ്റു. കണ്ണിനു പരുക്കേറ്റ അനൂപിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും താലൂക്കാശുപത്രിയിലുമാണുള്ളത്.
സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റശ്രമമുണ്ടായി. താലൂക്ക് ആശുപത്രിയില്‍ ബഹളമുണ്ടാക്കിയവരെ പൊലിസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫോട്ടോ എടുക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.
മുന്‍ എം.പി വി.എസ് വിജയരാഘവന്‍, മുന്‍ മന്ത്രി വി.സി കബീര്‍, ഡി.സി.സി സെക്രട്ടറിമാരായ സുമേഷ് അച്ചുതന്‍, കെ.സി പ്രീത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ് എന്നിവര്‍ താലൂക്കാശുപത്രിയിലെത്തി.
പാലക്കാട്ട് കോണ്‍ഗ്രസ്
പ്രവര്‍ത്തകനു തലയ്ക്ക് വെട്ടേറ്റു
പാലക്കാട്: ജില്ലയില്‍ വ്യാപക സി.പി.എം അക്രമം. നിരവധി കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മുതലമട അംബേദ്കര്‍ കോളനി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോളനി നിവാസികളെയും സി.പി.എമ്മുകാര്‍ ആക്രമിച്ചതായി പരാതി. തലക്ക് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവരാജിനെ ഗുരുതര പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനി നിവാസികളായ കിട്ടുചാമി, വിജയ്, സുരേഷ് എന്നിവര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. സുമേഷ് അച്യുതന്‍, വിജയ്, സുരേഷ്, നന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ (46), ഐ.എന്‍.ടി.യു.സി യൂനിറ്റ് പ്രസിഡന്റ് രാമന്‍ (54), ഹരിദാസ് (36), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി (37) എന്നിവരെ ജില്ലാ ആശുപത്രിയിലും സുഹൈലിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അംബേദ്കര്‍ കോളനിയിലുള്ള ആളുകള്‍ യു.ഡി.എഫിനും രമ്യ ഹരിദാസിനും തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് നേതൃത്വം കൊടുത്ത ശിവരാജന്‍ അടക്കമുള്ള പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് സി.പി.എം ആക്രമിക്കുകയായിരുന്നെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."