അഭിമാന പദ്ധതിയിലും അഴിമതി; സര്‍ക്കാരിന് തിരിച്ചടി
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കമ്മിഷന്‍ വാങ്ങിയതില്‍ പങ്കില്ലെന്നാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നതെങ്കിലും അഭിമാന പദ്ധതിയില്‍ കോടികളുടെ കമ്മിഷന്‍ ഒഴുകിയത് വിശദീകരിക്കാന്‍ സര്‍ക്കാരിന് ഏറെ പാടുപെടേണ്ടി വരും. വിദേശ സംഘടനകളില്‍നിന്നും സഹായം സ്വീകരിക്കുന്നതിനു മുന്‍പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന നിയമവകുപ്പിന്റെ മുന്നറിയിപ്പ് മറികടന്നു ധാരണാപത്രം ഒപ്പിട്ടതെന്തിനെന്ന ചോദ്യത്തിനു സര്‍ക്കാരിനു വ്യക്തമായ മറുപടിയില്ല. റെഡ് ക്രസന്റുമായുള്ള സഹകരണം സംബന്ധിച്ചു ധാരണാപത്രം ഒപ്പിടുന്നതിനു മുന്‍പ് മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്തില്ല.
സംസ്ഥാന സര്‍ക്കാരും റെഡ് ക്രസന്റ് അതോറിറ്റിയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ പറയുന്നതുപോലെ ഭവന, ആശുപത്രി നിര്‍മാണത്തിനു പിന്നീട് എന്തെങ്കിലും ധാരണാപത്രം ഉണ്ടാക്കിയോ എന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതിക്ക് 4.35 കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നാണ് യൂണിടാക് പ്രതിനിധികള്‍ അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്‍കിയത്. ഭവനരഹിതര്‍ക്കു വീടു നിര്‍മിക്കാന്‍ ലഭിച്ച 20 കോടിയില്‍ ഇത്രയും കമ്മിഷന്‍ നല്‍കിയെന്ന മൊഴി പദ്ധതിക്കു നേതൃത്വം നല്‍കുന്ന സര്‍ക്കാരിനു തിരിച്ചടിയാണ്. ഇതിനു വഴിയൊരുക്കിയ ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ പരിശോധിക്കുകയും നടപടിയെടുക്കേണ്ടിയും വരും. പദ്ധതിക്കായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് അതിവേഗത്തിലാണ്. ധാരണാപത്രം ഒപ്പിടുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് വിദേശ സഹായത്തെക്കുറിച്ച് ലൈഫ് മിഷന്‍ സി.ഇ.ഒ അറിയുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ പോയി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി കേരളത്തിനു ലഭിക്കുന്നത്. പദ്ധതി സംബന്ധിച്ചു ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ വസ്തുത സര്‍ക്കാര്‍ നിയോഗിക്കുന്ന അന്വേഷണ കമ്മിഷന് കണ്ടെത്താനാകുമോയെന്നാണ് ഇനി അറിയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."