ഇടതിനുള്ള ഓരോ വോട്ടും ബി.ജെ.പിക്കുള്ളത്
കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും പ്രചരിക്കുന്ന ഒരു വാര്‍ത്തയുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നാണത്. ബംഗാളിലെ ഹബീബ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നു തവണ സി.പി.എം സ്ഥാനാര്‍ഥിയായി വിജയിച്ച ഖഗന്‍ മുര്‍മു ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്നാണ് ആ വാര്‍ത്ത. മുര്‍മു എം.എല്‍.എ സ്ഥാനം രാജിവച്ചിട്ടില്ല. സാങ്കേതികമായി ഇപ്പോഴും അദ്ദേഹം സി.പി.എം എം.എല്‍.എയാണ്. ഖഗന്‍ മുര്‍മുവിന്റെ കൂറുമാറ്റത്തിനെതിരേ സി.പി.എം ഏതെങ്കിലും തരത്തിലുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഒരുതരം മൃദുസമീപനം പുലര്‍ത്തുകയും ചെയ്യുന്നു.
ബംഗാളില്‍ സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക് പോകുന്ന ആദ്യത്തെ മാര്‍ക്‌സിസ്റ്റ് നേതാവല്ല മുര്‍മു. അവസാനത്തെ ആളുമല്ല. കാരണം, സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെയും അണികളുടെയും ഒഴുക്ക് അത്രമേല്‍ ശക്തമാണ്. ഖഗന്‍ മുര്‍മു ഒരു പ്രതീകമാണ്. ഇടതുപക്ഷം, ബംഗാളിലും ദേശീയ തലത്തിലും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളിലെ ബി.ജെ.പി അനുകൂല സമീപനം തുറന്നുകാട്ടുന്ന ശരിയായ പ്രതീകം. മമതാ ബാനര്‍ജിയെ തോല്‍പ്പിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന നയം സ്വീകരിക്കുമ്പോള്‍ സി.പി.എമ്മിന് ബംഗാളില്‍ ബി.ജെ.പി പോലും സ്വീകാര്യമാണ് എന്നതാണ് മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം വെളിപ്പെടുത്തുന്നത്. ഇതേ നിലപാട് തന്നെയാണ് ദേശീയ തലത്തിലും സി.പി.എം സ്വീകരിക്കുന്നത്. മുര്‍മുവിന്റെത് പ്രായോഗിക രാഷ്ട്രീയത്തിലെ അടവുനയമാണെങ്കില്‍ ദേശീയ നേതൃത്വത്തിലെ മുര്‍മുമാരുടെത് ആശയപരമായ അടവുനയമാണ് എന്നതാണ് ഒരേയൊരു വ്യത്യാസം.
സി.പി.എം സ്വീകരിക്കുന്ന കോണ്‍ഗ്രസ് വിരുദ്ധ നയത്തിന്റെ ആത്യന്തിക ഗുണഭോക്താക്കള്‍ ബി.ജെ.പിയാണ്. ദേശീയ രാഷ്ട്രീയത്തില്‍ സംഘ്പരിവാറിനെ സഹായിക്കുന്ന നിലപാട് സി.പി.എം സ്വീകരിക്കുന്നത് ഇതാദ്യമല്ല. കോണ്‍ഗ്രസിനെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തി ദുര്‍ബലപ്പെടുത്തുകയും സംഘ്പരിവാറിന് വളരാന്‍ മണ്ണൊരുക്കുകയുമാണ് ഇടതുപക്ഷം അതിന്റെ ചരിത്രത്തിലുടനീളം ചെയ്തിട്ടുള്ളത്. ഇ.എം.എസ് നമ്പൂതിരിപ്പാട് ആ നിലപാട് പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന ഇ.എം.എസിന്റെ പ്രഖ്യാപനം സി.പി.എമ്മിന്റെ രാഷ്ട്രീയ നയത്തില്‍ ഇപ്പോഴും പ്രതിധ്വധിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ബി.ജെ.പിക്ക് സംഭാവന ചെയ്തതും ഇ.എം.എസ് നേതൃത്വം നല്‍കിയ ഇടതുപക്ഷമാണ്.
1977ലെ ജനതാ പരീക്ഷണ കാലത്ത്, സംഘ്പരിവാറിന്റെ രാഷ്ട്രീയ രൂപമായിരുന്ന ഭാരതീയ ജനസംഘവുമായി പരസ്യമായി മുന്നണി ബന്ധം സ്ഥാപിക്കാന്‍ സി.പി.എം മുന്നോട്ടു വന്നിട്ടുണ്ട്. ആ അവിശുദ്ധ ബന്ധത്തിലൂടെയാണ് ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത്. മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ആ സര്‍ക്കാരിലാണ് എ.ബി വാജ്‌പേയും എല്‍. കെ അദ്വാനിയും ആദ്യമായി കേന്ദ്രമന്ത്രിമാരായത്. ഭരണകൂടാധികാരത്തിലേക്ക് കടന്നുകയറാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് ചുവന്ന പരവതാനി വിരിച്ചുകൊടുക്കുകയാണ് അന്ന് സി.പി.എം ചെയ്തത്. 1989ല്‍ ഇതേ തെറ്റ് സി.പി.എം ആവര്‍ത്തിച്ചു. വി.പി സിങിന്റെ നേതൃത്വത്തിലുള്ള ദേശീയമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് സംഘ്പരിവാറും ഇടതുപക്ഷവും കൈകോത്തു നിന്നുകൊണ്ടാണ്. ഒന്നാം യു.പി.എ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കി വീണ്ടും തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങിയ 2009 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനുള്ള പിന്തുണ പിന്‍വലിക്കുകയും ബി.ജെ.പിക്ക് സഹായകരമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയുമാണ് സി.പി.എം ചെയ്തത്. ആണവകരാറിന്റെ പേരിലായിരുന്നു ആ രാഷ്ട്രീയ നാടകം അരങ്ങേറിയത്. രണ്ടാം യു.പി.എ കാലത്ത് മന്‍മോഹന്‍ സിങിനെതിരേ വ്യാജ അഴിമതി ആരോപണങ്ങളുന്നയിച്ച് പാര്‍ലമെന്റിലും പുറത്തും ബി.ജെ.പിയോടൊപ്പം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. നരേന്ദ്രമോദി അധികാരം കയ്യടക്കാനുള്ള സാധ്യത ശക്തമായി ചൂണ്ടിക്കാണിക്കപ്പെട്ട 2014ലെ പൊതു തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ മുഖ്യശത്രു കോണ്‍ഗ്രസായിരുന്നു. മോദിക്കെതിരേ പ്രതിപക്ഷ കക്ഷികളെ ഐക്യപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ ഇടതുപക്ഷം മൂന്നാം മുന്നണിയുണ്ടാക്കി തുരങ്കം വച്ചു. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ഭിന്നത തന്ത്രപൂര്‍വ്വം മുതലെടുത്താണ് വെറും മുപ്പത്തിരണ്ട് ശതമാനം വോട്ട് നേടിയ ബി.ജെ.പി സഖ്യം അന്ന് അധികാരം കയ്യടക്കിയത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ പകരം ശക്തിപ്പെടുന്നത് സംഘ്പരിവാര്‍ രാഷ്ട്രീയമാണെന്ന് തിരിച്ചറിയാനുള്ള വിവേകം മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന് അന്നുണ്ടായില്ല. സി.പി.എമ്മിന്റെ ആ അവിവേകത്തിന് വില കൊടുക്കേണ്ടി വന്നത് കോണ്‍ഗ്രസ് മാത്രമല്ല, ഇടതുപക്ഷം കൂടിയാണ്. 1952ലെ ഒന്നാം ലോക്‌സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്ന ഇടതുപക്ഷം 2014ല്‍ അംഗസംഖ്യ രണ്ടക്കം തികക്കാനാവാതെ ദുര്‍ബലമായി.
ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം ഇന്ന് തീര്‍ത്തും അപ്രസക്തമാണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി ഇപ്പോള്‍ നിലവിലില്ല. ഇടതുപക്ഷ മുന്നണി പോലുമില്ല. തമിഴ്‌നാട് ഒഴികെ മറ്റൊരു സംസ്ഥാനത്തും ഫലപ്രദമായ തെരഞ്ഞെടുപ്പ് സഖ്യങ്ങളില്ല. അങ്ങേയറ്റം ദുര്‍ബലമായ രാഷ്ട്രീയ സാഹചര്യത്തിലും സി.പി.എം അതിന്റെ തെറ്റായ നിലപാടുകള്‍ തിരുത്താന്‍ തയാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം അപായകരമായ നിരവധി സൂചനകള്‍ രാജ്യത്തിന് നല്‍കുന്നുണ്ട്. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിലും ഇടതുപക്ഷത്തിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ്. ചരിത്രപരമായ മണ്ടത്തരങ്ങള്‍ തിരുത്താന്‍ തയാറല്ല എന്നാണ് അവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. ജനാധിപത്യ വിശ്വാസികള്‍ക്ക് സി.പി.എം ചരിത്രത്തില്‍ നിന്ന് പഠിക്കാനുള്ള ഏറ്റവും വലിയ പാഠം, സി.പി.എം ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."