മലയാളം സര്‍വകലാശാല ഭൂമി അഴിമതിയില്‍ മന്ത്രി കെ.ടി ജലീലിനും സി.പി.എമ്മിനും പങ്ക്: യൂത്ത് ലീഗ്
കോഴിക്കോട്: തിരൂരിലെ മലയാളം സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതി തെളിഞ്ഞ സാഹചര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനും സി.പി.എം നേതൃത്വത്തിനും അഴിമതിയില്‍ പങ്കുണ്ട്. സി.ആര്‍.സെഡ് കാറ്റഗറിയില്‍ പെട്ടതാണ് ഭൂമിയെന്നും ഒരു തരത്തിലുള്ള നിര്‍മാണ പ്രവൃത്തിയും പാടില്ലെന്ന് കഴിഞ്ഞ മാസം വന്ന ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി 166,366,333 രൂപ വില നിശ്ചയിച്ചാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. സെന്റിന് പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ മാത്രം മതിപ്പു വിലയുള്ള സ്ഥലമാണിത്. ഒന്‍പത് കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു. ഈ തുക തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ടല്‍കാടുകള്‍ നിറഞ്ഞതും സി.ആര്‍.ഇസെഡിന്റെ പരിധിയില്‍ വരുന്നതുമായി തുച്ഛ വിലയുള്ള ഭൂമിക്ക് ഉയര്‍ന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും തിരൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗഫൂര്‍ പി.ലില്ലിയുടേയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയില്‍ ഉള്ളതുമാണ് ഭൂമി. നേരത്തെ ഈ സ്ഥലം നിര്‍മാണ യോഗ്യമല്ലെന്നും ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഭൂമി ഏറ്റെടുത്തതെന്നും ആരോപണം ഉയര്‍ന്നപ്പോള്‍, നിര്‍മാണ യോഗ്യമാണെന്ന മറുപടിയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. കെ.ടി ജലീല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായതിന് ശേഷമാണ് നാട്ടുകാരുടെയും സ്ഥലം എം.എല്‍.എയുടെയും എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് പണം അനുവദിച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു.
എതിര്‍പ്പുകളും ഉന്നയിച്ച ആരോപണങ്ങളും വസ്തുതാപരമാണെന്നാണ് ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയോടെ തെളിഞ്ഞിരിക്കുന്നത്. ജൂലൈ 16ന് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ഈ ഭൂമി സി.ആര്‍.ഇസെഡ് മൂന്ന് വിഭാഗത്തിലുള്ള നോണ്‍ ഡെവപ്‌മെന്റ് സോണില്‍ ഉള്‍പ്പെടുന്നതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോടികളുടെ അഴിമതിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സി.പി.എമ്മിനും എത്ര പങ്ക് ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."