വിഷബാധ: റഷ്യന്‍ പ്രതിപക്ഷ നേതാവ് കോമയില്‍
മോസകോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പ്രധാന വിമര്‍ശകനായ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട നവല്‍നി കോമയിലാണെന്ന് അദ്ദേഹത്തിന്റെ വക്താവ് കിര യാര്‍മിഷ് അറിയിച്ചു. സൈബീരിയിന്‍ പട്ടണമായ ടോംസ്കില്‍നിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ ബോധരഹിനായി വീഴുകയായിരുന്നു.
നവല്‍നിക്ക് കടുത്ത വിഷബാധയേറ്റതിനെത്തുടര്‍ന്ന് വിമാനം സൈബീരിയയിലെ ഓംസ്കില് അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രയ്ക്കു തൊട്ടുമുന്‍പ് നവല്‍നി ടോംസ്ക് വിമാനത്താവളത്തിലെ കഫേയില്‍ നിന്നു ഒരു കപ്പ് ചായ കുടിച്ചിരുന്നു.
'വിമാനത്തില്‍ അദ്ദേഹം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. ബോധം മറയാതിരിക്കാന് തന്നോട് സംസാരിച്ചുകൊണ്ടിരിക്കാനും ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം ശൗചാലയത്തില്‍ പോവുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു.' യാര്‍മിഷ് പറഞ്ഞു.
ചായക്കൊപ്പം എന്തോ കലര്‍ത്തപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. രാവിലെ എഴുന്നേറ്റ ശേഷം അദ്ദേഹം ചായ മാത്രമേ കഴിച്ചിട്ടുള്ളൂ. അതിനാല്‍ ചായയിലൂടെയാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നതായും യാര്‍മിഷ് പറഞ്ഞു.
ചൂടുള്ള പദാര്‍ഥത്തിനൊപ്പം അകത്തുപോയതിനാലാണ് പെട്ടെന്നു തന്നെ വിഷാംശം ശരീരം ആഗിരണം ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ നവല്‍നിയുടെ ആരോഗ്യ നില സംബന്ധിച്ച് വ്യത്യസ്ഥമായ റിപ്പോര്‍ട്ടുകളാണ്
പുറത്തുവരുന്നത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പറയുന്ന ഡോക്ടര്‍മാര്‍ തന്നെ ജീവനു ഭീഷണി നിലനില്‍ക്കുന്നതായും ജീവന് രക്ഷിക്കാനുള്ള കഠിന പ്രയത്നത്തിലാണ് തങ്ങളെന്നും പറയുന്നു. റഷ്യയില്‍ പുടിന് ഭരണ കൂടത്തിന്റെ അഴിമതിക്കെതിരേ നിരന്തരം ശബ്ദിക്കുന്ന വ്യക്തിയാണ് അലക്സി നവല്‍നി.
നേരത്തെയും നവല്‍നിക്ക് ഇത്തരത്തില്‍ വിഷബാധയേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം തടവില്‍ കഴിയുന്നതിനിടെ ജയില്‍ വച്ച് വിഷബാധയേറ്റു. 2017ല്‍ നവല്‍നിക്ക് എതിരേ ആസിഡ് ആക്രമണം ഉണ്ടാവുകയും കണ്ണിന് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."