സാംക്രമിക രോഗങ്ങള്‍; ജില്ലയില്‍ കൂടുതലെന്ന് കണക്കുകള്‍ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്
സുല്‍ത്താന്‍ ബത്തേരി: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ വ്യാപകമായി പടരുന്നതായി കണക്കുകള്‍. എച്ച്.വണ്‍.എന്‍.വണ്‍, മഞ്ഞപ്പിത്തം എന്നി രോഗങ്ങളാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടിയിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
2017ല്‍ അഞ്ച് മാസം പിന്നിട്ടപ്പോഴേക്കും 46 എച്ച്.വണ്‍ എന്‍.വണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 46ഉം സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2016ല്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടെണ്ണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 2016ല്‍ 232 മഞ്ഞപ്പിത്ത കേസുകളാണ് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 24 കേസുകളാണ് സ്ഥിരീകരിച്ചത്.
അതേ സമയം ഈ വര്‍ഷം ഇതുവരെ 212 കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുകയും 12 കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്നുണ്ടെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്. ഡെങ്കിപ്പനി ഈ വര്‍ഷം 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 29 എണ്ണം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം 450 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 217 എണ്ണം രോഗം സ്ഥിരീകരിച്ചു. ചിക്കുന്‍ഗുനിയ മുന്‍വര്‍ഷവും ഈ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.
2015ല്‍ ജില്ലയെ ഭീതിയിലാഴ്ത്തിയ കുരങ്ങുപനി ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 9 കേസുകള്‍ സ്ഥീരികരിച്ചിരുന്നു. ഡിഫ്ത്തീരിയ ഈ വര്‍ഷം രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഒന്ന് സ്ഥീരികരിച്ചു.
കഴിഞ്ഞവര്‍ഷം 20 എണ്ണമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മലേറിയ 32 കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ മൂന്ന് കേസുകള്‍ സ്ഥീരികരിച്ചിരുന്നു. ഈവര്‍ഷം ഇതുവരെ 24 എണ്ണം റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്.
അതേ സമയം ഇത്തരം രോഗങ്ങള്‍ നിയന്ത്രണ വിധേയമാണന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."