നീറ്റ് പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് ഡ്രസ്കോഡ് അനുവദിച്ചു
മുംബൈ : മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷയായ നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഡ്രസ് കോഡ് നിലവില്‍ വന്നു. പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ)യാണ് ഡ്രസ് കോഡ് എന്താണെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തുവിട്ടത്.
പ്രവേശനപരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ കടുംനിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും നീളന്‍ കൈയുള്ള വസ്ത്രം ഒഴിവാക്കണം. പാദം മറയുന്ന തരത്തിലുള്ള ചെരിപ്പുകളും ഉപയോഗിക്കാന്‍ പാടില്ല. അതേസമയം ആചാരത്തിന്റെ ഭാഗമായുള്ള വസ്ത്രങ്ങള്‍, പ്രത്യേകിച്ച് ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ അയക്കുമ്പോള്‍ അക്കാര്യം സൂചിപ്പിക്കണം.
പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന സമയത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് പരിശോധനക്കായി ഈ വിദ്യാര്‍ഥികള്‍ ഹാജരാകുകയും വേണം.
ബെല്‍റ്റ്, ഡിജിറ്റല്‍ വാച്ച് തുടങ്ങിയവ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല. ഈ വര്‍ഷം നീറ്റ് പരീക്ഷക്ക് 15.19 ലക്ഷം വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞ വര്‍ഷം 13.26 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 67,000 സീറ്റുകളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."