വാരണാസിയില്‍ മോദിയെ നേരിടാന്‍ പ്രിയങ്കയെ ഇറക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ആലോചനയ്ക്കു പിന്നില്‍ ഈ 10 കാരണങ്ങള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബി.ജെ.പിയുടെ ശക്തികേന്ദ്രമായ വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ പ്രിയങ്കാഗാന്ധി പോരിനിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്. വാരണാസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നു തുടങ്ങിക്കഴിഞ്ഞു. ഈ മാസം 29 ആണ് പത്രിക സമര്‍പ്പിക്കേണ്ട അവസാനതിയ്യതി. അതിനാല്‍ പ്രിയങ്ക വാരണാസിയില്‍ അങ്കത്തിന് ഇറങ്ങുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ 29നു മുന്‍പ് ഒരു തീരുമാനം ഉണ്ടാവും. വാരണാസിയില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് പ്രിയങ്ക പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്, അതായത് പ്രിയങ്കയുടെ സഹോദരന്‍ രാഹുലും അമ്മ സോണിയയും ഉള്‍പ്പെടുന്ന ഹൈക്കമാന്‍ഡ്.
ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിച്ചു
80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്ന രാഷ്ട്രീയ തത്വമുണ്ട്. അതിനാല്‍ കരുതലോടെയാണ് കോണ്‍ഗ്രസ് യു.പിയിലെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്. 80ല്‍ 72 മണ്ഡലങ്ങളിലും 2014ല്‍ എന്‍.ഡി.എയാണ് വിജിച്ചത്. രണ്ടിടത്ത് മാത്രം (സോണിയയുടെയും രാഹുലിന്റെയും മണ്ഡലങ്ങള്‍) കോണ്‍ഗ്രസ്സും വിജയിച്ചു. സംസ്ഥാനത്ത് ശക്തമായ അടിവേരുകളുള്ള ബി.എസ്.പിയും എസ്.പിയും നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ നിന്നു മാറി നിന്ന് തനിച്ചാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. സഖ്‌യത്തോടൊപ്പമില്ലെങ്കിലും പലയിടത്തും അവരുമായി 'സൗഹൃദ'മല്‍സരത്തിലാണ് കോണ്‍ഗ്രസ്. യു.പിയില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കാനായി പ്രിയങ്കാഗാന്ധിയെ മുന്നില്‍ നിര്‍ത്തി കടുത്ത പ്രചാരണമാണ് നടത്തുന്നതെങ്കിലും പ്രസംഗങ്ങളില്‍ ഒരിടത്തും എസ്.പി- ബി.എസ്.പി നേതൃത്വത്തിലുള്ള സഖ്യമായ മഹാഗഡ്ബന്ധനെ കോണ്‍ഗ്രസ് ലക്ഷ്യംവക്കുന്നില്ല. ധാരണപ്രകാരം വാരണാസി എസ്.പിയുടെ സീറ്റാണ്. എന്നാല്‍, ഇതുവരെ ഇവിടെ എസ്.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
തീരുമാനം വൈകാന്‍ കാരണം
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വവുമാണ് പ്രിയങ്കയുടെ സംസ്ഥാനത്തേക്കുള്ള വരവിന്റെ ലക്ഷ്യം. ഇക്കാര്യം എസ്.പിക്കും ബി.എസ്.പിക്കും അറിയാം. ഉത്തര്‍പ്രദേശുകാര്‍ക്കു പ്രിയങ്ക പ്രിയങ്കരിയാവുകയും, വാരണാസിയില്‍ വിജയിക്കുകയോ മാദിക്കെതിരെ മികച്ചപകടനം കാഴ്ചവയ്ക്കുകയോ ചെയ്താല്‍ അവരുടെ ഗ്രാഫ് കുത്തനെ ഉയരും. ഉത്തര്‍പ്രദേശില്‍ പ്രിയങ്കക്ക് അനുകൂലമായ തരംഗം ഉണ്ടാവുന്നത് മുഖ്യമന്ത്രിപദത്തില്‍ കണ്ണുള്ള അഖിലേഷും മായാവതിയും ഭയക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിനാല്‍ വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമ്പോള്‍ അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമം എസ്.പിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനു സംശയമുണ്ട്. മോദിയെ പരാജയപ്പെടുത്തലാണ് മുന്‍പിലുള്ള ഏറ്റവും വലിയ ലക്ഷ്യമെന്ന് എസ്.പിയും ബി.എസ്.പിയും കരുതിയാല്‍ പ്രിയങ്ക വാരണാസിയില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാവും. പക്ഷേ, 2022 മുന്നില്‍ക്കണ്ടുള്ള പ്രിയങ്കയുടെ പടയോട്ടത്തിന് തടയിടണമെന്ന് എസ്.പിയും ബി.എസ്.പിയും ലക്ഷ്യമിട്ടാല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുമെന്ന ആശങ്ക കോണ്‍ഗ്രസ്സിനുണ്ട്. വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കണമെന്ന് രാഹുലിനും സോണിയക്കും ആഗ്രഹവുമുണ്ടെങ്കിലും ഈ സാഹചര്യമാണ് അവരുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടാവുന്നത്.
വാരണാസിയില്‍ പ്രിയങ്കയെ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന പത്തു കാരണങ്ങള്‍ ഇവയാണ്:
1- വയനാട് പോലുള്ള കോട്ടയില്‍ വന്ന് മല്‍സരിക്കുന്നതിലൂടെ ബി.ജെ.പിയെ അവരുടെ മടയില്‍ പോയി നേരിടാന്‍ കോണ്‍ഗ്രസ്സിനു ഭയമാണെന്ന എതിര്‍കക്ഷികളുടെ പ്രചാരണത്തെ മറികടക്കാന്‍ വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു കഴിയും. ബി.ജെ.പിയുടെ മുന്നണിപ്പോരാളിയായ മോദിയെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ പോയി നേരിടാന്‍ കോണ്‍ഗ്രസ്സിലെ ഗ്ലാമര്‍മുഖമായ പ്രിയങ്കയെ ചുമതലപ്പെടുത്തുന്നത് പാര്‍ട്ടിക്കു ദേശീയതലത്തിലും കരുത്തേകും. സുരക്ഷിതമണ്ഡലം തേടി വയനാട്ടില്‍ പോയെന്ന പ്രചാരണം രാഹുലിന്റെ രണ്ടാം മണ്ഡലമായ അമേഠിയില്‍ ഉയരുകയാണെങ്കില്‍ വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഈ ആരോപണത്തെ മറികടക്കാനും കോണ്‍ഗ്രസ്സിനു കഴിയും.
2. പ്രിയങ്കയുടെ സാന്നിധ്യം മല്‍സരം കടുത്തതാക്കും. അതു മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ മോദിയെ നിര്‍ബന്ധിപ്പിക്കും. അതു മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂള്‍ മൊത്തത്തില്‍ മാറ്റി എഴുതാനും ബി.ജെ.പി നിര്‍ബന്ധിതരാവും. ഇതുവഴി മറ്റുമണ്ഡലങ്ങളില്‍ മോദി പ്രചാരണത്തിനെത്തുന്നതും കുറയുകയുംചെയ്യും.
3. 3.37 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ വാരണാസിയില്‍ മോദി പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേതു പോലെ ബി.ജെ.പി വിരുദ്ധ വോട്ടുകളില്‍ പിളര്‍പ്പുണ്ടാവാനുള്ള സാധ്യതയില്ലാത്തതിനാല്‍ ഇക്കുറി മോദിയുടെ ഭൂരിപക്ഷം കുറയാനിടയുണ്ട്. അതും പ്രിയങ്കക്ക് അനുകൂലഘടകമാണ്. ഈ സാഹചര്യത്തില്‍ വിജയിക്കുന്നതിനൊപ്പം ഭൂരിപക്ഷം നിലനിര്‍ത്താനും മോദിക്കു ശ്രമിക്കേണ്ടിവരും.
4. പ്രിയങ്ക മല്‍സരിക്കുകയാണെങ്കില്‍ ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്ന് സ്ത്രീവിരുദ്ധമോ അവഹേളനപരമോ ആയ പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതിനകം തന്നെ പ്രിയങ്കയെ കുറിച്ചു ചില ബി.ജെ.പി നേതാക്കള്‍ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിക്കഴിഞ്ഞു. വാരണാസിയില്‍ മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായ പ്രിയങ്കയ്‌ക്കെതിരെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് മോദിക്കു തിരിച്ചടിയാവുകയും പ്രിയങ്കക്ക് ഗുണംചെയ്യുകയും ചെയ്യും.
5. രാഷ്ട്രീയത്തില്‍ പ്രിയങ്കാ ഗാന്ധി പുതുമുഖമാണ്. പുതുമുഖങ്ങള്‍ക്കെതിരെ, അത് ബംഗാളിവാടട്ടെ, ഡല്‍ഹിയിലാവട്ടെ, ആന്ധ്രാപ്രദേശിലാവട്ടെ ആവനാഴിയിലെ സര്‍വ അസ്ത്രങ്ങളും ഉപയോഗിച്ച് ബി.ജെ.പി നേരിട്ടപ്പോഴൊക്കെ പാര്‍ട്ടിക്ക് അടിതെറ്റുകയാണുണ്ടായത്. ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രചാരണം മോദി നേരിട്ടു നടത്തുകയും നിരവധി കേന്ദ്രമന്ത്രിമാരും നൂറോളം എം.പിമാരും അണിനിരന്നിട്ടും ആകെയുള്ള 70 സീറ്റില്‍ 67ലും എ.എ.പി എന്ന നവരാഷ്ട്രീയപാര്‍ട്ടിയോട് ബി.ജെ.പി പരാജയപ്പെട്ടു. 2014ലെ തെരഞ്ഞെടുപ്പില്‍ 31 സീറ്റ് ലഭിച്ചിരുന്നിടത്താണ് ഈ പരാജയം.
6. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ ബി.ജെ.പിയുടെ കരുത്തരായ നേതാക്കളാവും പ്രിയങ്കയ്‌ക്കെതിരെ പ്രചാരണത്തില്‍ അണിനിരക്കുക. ഇവരുടെ സംഘടിത ആക്രമണം പ്രിയങ്കയോട് സഹാനുഭൂതിയുണ്ടാക്കും. നേരത്തെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്കെതിരെ ആരോപണങ്ങള്‍, വ്യക്തിഹത്യയിലേക്കു മാറാനും സാധ്യതയുണ്ട്. ഇതും പ്രിയങ്കക്കു ഗുണം ചെയ്യും. മല്‍സരത്തില്‍ പരാജയപ്പെട്ടാലും കാറ്റിന്റെ ഗതിമാറ്റാനുള്ള ശേഷിയുള്ള നേതാവായി പ്രിയങ്ക ദേശീയരാഷ്ട്രീയത്തില്‍ ഉയരും.
7. ഇനി പ്രിയങ്കയെ അവഗണിച്ച്, ശക്തമായ പ്രചാരണത്തിലൂടെ അവര്‍ക്ക് ജനശ്രദ്ധ നല്‍കേണ്ടെന്നു തീരുമാനിച്ചാലും അതും ബി.ജെ.പിക്കു ഗുണകരമാവില്ല. മോദിയുടെ പ്രധാന എതിര്‍സ്ഥാനാര്‍ത്ഥിയെന്ന നിലക്കും ഗ്ലാമര്‍ രാഷ്ട്രീയനേതാവ് എന്ന നിലയ്ക്കും പ്രിയങ്കയ്ക്ക് മാധ്യമങ്ങളില്‍ സ്ഥാനം ലഭിക്കും.
8. പ്രിയങ്ക ആദ്യം പത്രികസമര്‍പ്പിക്കുകയാണെങ്കില്‍ മോദിക്കു പിന്നെ മല്‍സരിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല. പ്രിയങ്കയുടെ സാന്നിധ്യം വിജയസാധ്യതയെ ബാധിക്കുന്നതിനാല്‍ മറ്റൊരിടത്ത് മല്‍സരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മോദിക്കു സമയവുമുണ്ടാവില്ല.
9. ഇനി രണ്ടാമതൊരു മണ്ഡലത്തില്‍ മോദി മല്‍സരിക്കുകയാണെങ്കില്‍ അത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും. തന്റെ കര്‍മഭൂമിയില്‍ നിന്ന് പരാജയഭീതിമൂലം മോദി സുരക്ഷിതമണ്ഡലത്തിലേക്കു പോവുകയാണെന്ന എതിര്‍ പ്രചാരണം കോണ്‍ഗ്രസ് നടത്തും. അതു വാരണാസിയിലെ മോദിയുടെ സാധ്യതകളെ കൂടുതല്‍ ബാധിക്കും. പ്രിയങ്കയുടെ സാന്നിധ്യം മോദിയില്‍ ഭീതിയുണ്ടാക്കിയെന്ന പ്രചാരണവും ഉയരും. അതു പ്രിയങ്കയ്ക്കും കരുത്താകും.
10. പ്രിയങ്കയുടെ വരവ് മണ്ഡലത്തിലെ ബി.ജെ.പിയുടെ വോട്ട് ബാങ്കായ മേല്‍ജാതി ഹിന്ദുവോട്ട് ബാങ്കുകളില്‍ പിളര്‍പ്പുണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."