'ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരാളായതില്‍ അഭിമാനിക്കുന്നു'വെന്ന പരാമര്‍ശം: പ്രഗ്യാ സിങിനെതിരെ കേസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പരാമര്‍ശത്തില്‍ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ കേസ്. 'ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരാളായതില്‍ അഭിമാനിക്കുന്നു' എന്ന പരാമര്‍ശത്തിലാണ് നടപടി. പ്രഗ്യാ സിങിനെതിരെ എഫ്.ഐ.ആര് ഇടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്കി.
ടി.വി 9 നു നല്കിയ അഭിമുഖത്തിലാണ് പ്രഗ്യസിങിന്റെ വിവാദ പരാമര്‍ശം.
'നമ്മള് രാജ്യത്തു നിന്നൊരു കളങ്കം നീക്കം ചെയ്തു. കെട്ടിടം തകര്‍ക്കാന്‍ ഞങ്ങള്‍ പോയി. ഞാന്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ചാടിക്കയറി. ദൈവം എനിക്കാ അവസരം തന്നതില്‍ അന്നേരം ഞാന്‍ അഭിമാനിതയായി. ആ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു'- ഇങ്ങനെ പോകുന്നു വിദ്വേഷ പരാമര്‍ശം.
ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം ചോദിച്ച് നോട്ടീസയച്ചു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഞാനവിടെ പോയെന്നും പള്ളി തകര്‍ത്തുവെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ പോകുന്നുവെന്നും ആര്‍ക്കും അതു തടയാനാവില്ലെന്നും പ്രഗ്യാ സിങ് മറുപടി പറഞ്ഞു.
ഇതോടെയാണ് കമ്മിഷന് തുടര്‍ നടപടികളിലേക്കു നീങ്ങിയത്.
കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നു, സ്വയം പ്രഖ്യാപിത 'സാധ്വി'യാണ് പ്രഗ്യാ സിങ്. 2008 ല്‍ ആറു പേരുടെ മരണത്തിനും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണമായ മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ്.
കോണ്‍ഗ്രസിലെ ദിഗ് വിജയ് സിങിനെതിരെയാണ് പ്രഗ്യാ സിങിന്റെ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."