ട്രംപിനെ ഉപദേശിച്ച് ഡ്യൂട്ടര്‍ട്ടെ
മനില: മുന്നറിയിപ്പുകള്‍ ലംഘിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും സംയമനം പാലിക്കണമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ. ലോകം അവസാനിപ്പിക്കാനാണ് കിം ജോങ് ഉന്നിന്റെ ശ്രമമുണ്ടെന്നും അമേരിക്ക ഇതു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഒബാമയെ തെറി പറഞ്ഞ ഡ്യൂട്ടര്ട്ടെയാണ് ഇപ്പോള്‍ അമേരിക്കയെ ഉപദേശിച്ച് രംഗത്തെത്തിയത്. അമേരിക്കക്കും ഉത്തരകൊറിയക്കുമിടയിലെ സംഘര്‍ഷം തെക്കുകിഴക്കന്‍ ഏഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒരു ചുവട് തെറ്റിയാല്‍ വന്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആണവ യുദ്ധത്തിന്റെ ആദ്യ ഇരയായി ഏഷ്യ മാറുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. മിസൈലുകള്‍ തൊടുത്തുവിടാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുമായാണ് അമേരിക്കയും ജപ്പാനും ദക്ഷിണകൊറിയയും ചൈനയും കൊമ്പുകോര്‍ക്കുന്നത്.
ഉന്നുമായി ഏറ്റുമുട്ടാന്‍ പോകരുതെന്ന് ഞാന്‍ ട്രംപിനെ ഉപദേശിക്കുന്നു. അമേരിക്കയും ഉത്തരകൊറിയയും തങ്ങളുടെ കളിപ്പാട്ടങ്ങളുമായി കളിക്കുകയാണ്. ആ കളിപ്പാട്ടങ്ങള്‍ വിനോദത്തിനുള്ളതല്ല. ഉത്തരവാദപ്പെട്ട രാജ്യമെന്ന നിലയില്‍ ഉന്നിന്റെ പ്രകോപനങ്ങള്‍ക്ക് അമേരിക്ക ഇരയാകില്ലെന്നാണ് തന്റെ വിശ്വാസമെന്നും കാര്യങ്ങള്‍ കൈവിട്ടുപോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."