ഗിയര്‍ ബോക്സ് തകരാര്‍: ഫെറി ചാലില്‍ കുടുങ്ങി ബോട്ട്
കൊടുങ്ങല്ലൂര്‍: അഴീക്കോട് - മുനമ്പം ഫെറിയില്‍ ഇന്നലെ രാവിലെ ഗിയര്‍ ബോക്സിന്റെ തകരാറു മൂലം ബോട്ട് ജെട്ടിയിലടുപ്പിക്കാന് കഴിയാതെ നാല്‍പ്പത് മിനിട്ടോളം നിറയെ യാത്രക്കാരുമായി ഫെറി ചാലില്‍ കുടുങ്ങി.
ഇവിടെ സര്‍വിസ് നടത്തിയ ജങ്കാര്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 25 നാണ് ബദല്‍ സംവിധാനമെന്ന നിലയില്‍ യാത്രാ ബോട്ട് സര്‍വിസ് ആരംഭിച്ചിരുന്നത്. സര്‍വിസ് ആരംഭിച്ച് തൊട്ടടുത്ത ദിവസം ബോട്ടിന്റെ പ്രൊപ്പല്ലറില്‍ മത്സ്യബന്ധന വല കുടുങ്ങി പകുതിയാത്രയില് എന്ജിന് നിലച്ച് മൂന്ന് ദിവസത്തോളം സര്‍വിസ് നിര്‍ത്തിവെച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 30 നാണ് അറ്റകുറ്റപണികളുടെയും ഇന്‍ഷൂറന്‍സ് പുതുക്കുന്നതിനുമായി ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നത്. തുടര്‍ന്ന് ഇരുപത്തിയാറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുനമ്പം ജെട്ടിയില്‍ കെട്ടിയിട്ടിരുന്ന ജങ്കാര്‍ അഴീക്കോടുള്ള ഫിഷറീസ് വകുപ്പിന്റെ ജെട്ടിയിലേക്ക് നീക്കിയത്. എന്നാല്‍ ഇതുവരെ ജങ്കാര്‍ അറ്റകുറ്റപണികള്‍ക്കായി കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലേക്ക് കൊണ്ടുപോകാന്‍ ജില്ലാപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
അഴീക്കോട് കെട്ടിയിട്ടിരിക്കുന്ന ജങ്കാര്‍ തിരമാലകളില്‍പെട്ട് ജെട്ടിയിലെ കോണ്‍ക്രീറ്റ് പാലത്തിലിടിച്ച് പാലവും ജങ്കാറും കേടുവന്നുകൊണ്ടിരിക്കുകയാണ്. അഴീക്കോടുള്ള ചില മത്സ്യബന്ധന ബോട്ടുകള്‍ ജങ്കാറില്‍ കെട്ടിയിടുകയും മത്സ്യതൊഴിലാളികള്‍ ജങ്കാറിലിരുന്ന് വല നെയ്ത്തും നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."