മഴക്കാലപൂര്‍വ രോഗപ്രതിരോധം വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന്
പാലക്കാട്: മഴക്കാല പൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ്തലത്തില്‍ ആരോഗ്യ ശുചിത്വപോഷണ സമിതിയോഗം ചേര്‍ന്ന് വാര്‍ഡുകളിലെ പ്രധാന പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.
ഈ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, പൊതുമരാമത്ത്, ജലസേചനം, ജല അതോറിറ്റി, ജലവിഭവം, തൊഴില്‍, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ സജീവപങ്കാളിത്തം ഉറപ്പാക്കും. ജില്ലാതല ശുചിത്വമിഷനും ആരോഗ്യ വകുപ്പും മഴക്കാലപൂര്‍വ-രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശില്പശാലയിലാണ് മുന്‍ഗണനാക്രമത്തില്‍ വാര്‍ഡ്തലത്തില്‍ നടപ്പാക്കേണ്ട വിവിധ പരിപാടികള്‍ വിശദീകരിച്ചത്.
ജില്ലാ പഞ്ചായത്ത്ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാതല പരിശീലനത്തിന് ശേഷം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിയവരെ ഏകോപിപ്പിച്ച് ബ്ലോക്ക്തലങ്ങളില്‍ പരിശീലനം സംഘടിപ്പിച്ച് കര്‍മപരിപാടി തയ്യാറാക്കും.
സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ഹരിതകേരളത്തിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും ഹരിത നിയമങ്ങള്‍ ശീലമാക്കുന്നതിനും കഴിഞ്ഞാല്‍ മഴക്കാല രോഗങ്ങളുടെ ഹേതുവായ മാലിന്യം കുറയ്ക്കുന്നതിന് കഴിയുമെന്നും അതുവഴി തുടര്‍ വര്‍ഷങ്ങളില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടുപിടിച്ച് നശിപ്പിക്കുന്നതിനും മാലിന്യ കൂമ്പാരങ്ങള്‍ ഒഴിവാക്കാനും കഴിഞ്ഞാല്‍ ഒരു പരിധിവരെ മഴക്കാല രോഗങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ കഴിയുമെന്ന് അധ്യക്ഷയായ ജില്ലാ ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ. ടി.കെ ജയന്തി പറഞ്ഞു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. നാസര്‍ ജില്ലയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഡെങ്കിപനിയുടെ ഉത്ഭവവും ഡെങ്കിപനി പ്രതിരോധത്തേയും കുറിച്ച് സംസാരിച്ചു.
ഗ്രാമപഞ്ചായത്ത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ്മുതലുള്ള ആസൂത്രണവും പ്രവര്‍ത്തനവും സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശം ശുചിത്വമിഷന്‍ അസി.ഡെവലപ്‌മെന്റ് കമ്മീഷനര്‍ ആന്‍ഡ് ജില്ലാ കോഡിനേറ്റര്‍ ബി.എല്‍ ബിജിത്ത് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."