മന്ത്രിയെ കണ്ടു; പ്രതിസന്ധിക്ക് പരിഹാരം ; ജില്ലാ പഞ്ചായത്ത് മെക്കാഡം റോഡ് പ്രവൃത്തി ഉടന്‍
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ മെക്കാഡം റോഡ് പ്രവൃത്തിക്കുണ്ടായ സ്തംഭനാവസ്ഥയ്ക്ക് പരിഹാരമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് 2016-17 വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയാറാക്കിയ മൂന്ന് മെക്കാഡം റോഡുകളുടെ എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നല്‍കിയതിനു ശേഷം ട്രാഫിക് സര്‍വേ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തണമെന്ന് എല്‍.എസ്.ജി.ഡി ചീഫ് എന്‍ജിനിയര്‍ ഉപാധി വച്ചതോടെയാണു ടെണ്ടര്‍ വിളിച്ച പ്രവൃത്തികള്‍ക്കു കരാര്‍ ഉടമ്പടി വെക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായത്.
ജില്ലാ പഞ്ചായത്ത് ഭരണസമിതി ജനപ്രതിനിധികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയേയും വകുപ്പ് സെക്രട്ടറിയേയും നേരില്‍ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിയുടെ ചേമ്പറില്‍ വകുപ്പ് സെക്രട്ടറി ടി.കെ ജോസിന്റെയും ചീഫ് എന്‍ജിനിയറുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കോഴിക്കോട് എന്‍.ഐ.ടി മുഖേന റോഡുകളുടെ പരിശോധന ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാനും ഇതിന്റെ മേല്‍ നോട്ടം ചീഫ് എന്‍ജിനിയര്‍ തന്നെ വഹിക്കാനും ധാരണയായിട്ടുണ്ട്. പരിശോധനക്കാവശ്യമായ ചെലവ് തുക ജില്ലാ പഞ്ചായത്ത് എന്‍.ഐ.ടിക്ക് അടക്കാനും ധാരണയായി. സമയബന്ധിതമായി പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ഈ മാസം 20നകം പ്രവൃത്തി ആരംഭിക്കാന്‍ പറ്റുമെന്നും യോഗം വിലയിരുത്തിയിരുന്നു. എം രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹമ്മദ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഡോ. വി.പി.പി മുസ്തഫ, എം നാരായണന്‍, ഇ പത്മാവതി, അഡ്വ. കെ ശ്രീകാന്ത്, ഷാനവാസ് പാദൂര്‍, എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. കോഴിക്കോട് എന്‍.ഐ.ടി സംഘം കഴിഞ്ഞ ദിവസം കാസര്‍കോടെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."