നാടിന്റെ നന്മയായി പന്തിപ്പൊയിലിന്റെ അലിവ്
പന്തിപ്പൊയില്‍: നാട്ടിലെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുകയാണ് പന്തിപ്പൊയില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അലിവ് ചാരിറ്റബിള്‍ സൊസൈറ്റി. പന്തിപ്പൊയില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അലിവ് സമാനതകളില്ലാത്ത നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് വേദിയാവുന്നത്.
കഴിഞ്ഞ ദിവസം അലിവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനം ഇതിന് ഉത്തമ ഉദാഹരണമാണ്. പടിഞ്ഞാറത്തറ, തെങ്ങുമുണ്ട, പന്തിപ്പൊയില്‍, ബപ്പനം എന്നി പ്രദേശങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് മുള്ളന്‍കണ്ടി പാലത്തിന് സമീപത്തെ പമ്പ് ഹൗസിനെയാണ്.
എന്നാല്‍ ഈ കടുത്ത വേനലില്‍ കുടിവെള്ളംവരെ കിട്ടാക്കനിയായിരിക്കുമ്പോഴും മുള്ളന്‍കണ്ടി പുഴയും പമ്പ് ഹൗസും മാലിന്യത്താല്‍ നിറഞ്ഞ നിലയിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അലിവ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരുദിവസം മുഴുവനായി ഉപയോഗപ്പെടുത്തി പുഴയും പമ്പ് ഹൗസും മാലിന്യ മുക്തമാക്കി.
പുഴ പായലും മാലിന്യങ്ങളും മൂടിയ നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് 25ലധികം വരുന്ന അലിവ് പ്രവര്‍ത്തകര്‍ പുഴ ശുചീകരിച്ചത്. അതുകഴിഞ്ഞും ഇവരുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്നലെ കുടിവെള്ളം കിട്ടാക്കനിയായ നരിപ്പാറയിലെ 100ലധികം കുടുംബങ്ങള്‍ക്ക് പന്തിപ്പൊയിലില്‍ നിന്നും വെള്ളമെത്തിച്ച് നല്‍കിയാണ് ഇവര്‍ സേവനത്തിന്റെ മറ്റൊരുപാത വെട്ടിയത്. ഇത് മഴയെത്തുന്നത് വരെ തുടരാനാണ് ഇവരുടെ തീരുമാനം. പന്തിപ്പൊയില്‍ പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ക്ക് ഉപകാരപ്പെട്ടിരുന്ന പഞ്ചായത്ത് കിണര്‍ വര്‍ഷങ്ങളായി മാലിന്യം മൂടിയ നിലയിലായിരുന്നു.
ഇതും കഴിഞ്ഞ ദിവസം അലിവ് പ്രവര്‍ത്തകര്‍ നാടിന് വേണ്ടി ശുചീകരിച്ചു. ആതുര സേവന രംഗത്തും ഇവര്‍ ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. ചെന്ദലോട് ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടറും സ്ട്രക്ചറും നല്‍കിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. വാരാമ്പറ്റ സ്കൂളുമായി സഹകരിച്ച് ബാണാസുര സാഗര്‍ ഡാമിന് സമീപത്തായി മാലിന്യത്തൊട്ടികളും അലിവ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി പ്രയാണം തുടരുകയാണ് എ.കെ അബ്ദുല്ല കണ്‍വീനറും സി.ടി അബ്ദുല്ല ജോയിന്റ് കണ്‍വീനറും ഉസ്മാന് ദാരിമി ചെയര്‍മാനുമായ പന്തിപ്പൊയിലിന്റെ അലിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."