പണി മുടക്കിന്റെ മറവില്‍ സര്‍വിസ് മുടക്കി കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം ലക്ഷങ്ങള്‍
കല്‍പ്പറ്റ: മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കിന്റെ മറവില്‍ നിരവധി സര്‍വിസുകള്‍ അനധികൃതമായി നിര്‍ത്തിവച്ച അധികൃതരുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധം. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ 65 ശതമാനത്തോളം സര്‍വിസുകളാണ് മുടങ്ങിയത്.
ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോ, സബ് ഡിപ്പോകളില്‍ നിന്നായി 171 സര്‍വിസുകളാണ് നടത്തേണ്ടിയിരുന്നത്. പണിമുടക്കിനെ തുടര്‍ന്ന് 60 സര്‍വിസുകള്‍ മാത്രമാണ് നടത്തിയത്.
മുടങ്ങിയ 111 സര്‍വിസുകളും പണിമുടക്കിനാലാണെന്നുള്ള അധികൃതരുടെ നിലപാടിനെതിരേയാണ് പ്രതിഷേധമുയരുന്നത്. യാതൊരു തകരാറുമില്ലാതെ മുന്‍ ദിവസങ്ങളില്‍ സര്‍വിസ് പൂര്‍ത്തിയാക്കിയ ബസുകള്‍ വരെ സര്‍വിസിനിറക്കാതെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നൂറുക്കണക്കിന് യാത്രക്കാരെയാണ് പെരുവഴിയിലാക്കിയത്. ഇന്നലെയും ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഭാഗികമാണ്.
കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നുള്ള ഗ്രാമീണ സര്‍വിസുകള്‍ പൂര്‍ണമായും മുടങ്ങിയ നിലയിലാണ്. സര്‍വിസ് നടത്തുന്ന മുഴുവന്‍ ബസുകളും ഒറ്റദിവസം തകരാറായി എന്നതില്‍ നിഗൂഢതയുണ്ടെന്നും പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നത് ജീവനക്കാര്‍ തന്നെയാണെന്ന ആരോപണവും ഇതോടെ ശക്തമാകുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലെന്ന പതിവ് പല്ലവി തന്നെയാണ് ഡിപ്പോകളില്‍ വിളിച്ച യാത്രക്കാര്‍ക്ക് ഇന്നലെയും ലഭിച്ചത്. കൂടാതെ സ്‌റ്റേ സര്‍വിസുകളെ സംബന്ധിച്ച് അറിയാന്‍ വിളിച്ചവരോട് ഡിപ്പോ അധികതര്‍ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
സര്‍വിസുകള്‍ മുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷങ്ങളാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഒരേ റൂട്ടിലുള്ള മൂന്നും നാലും ബസുകള്‍ സര്‍വിസ് മുടക്കിയതോടെ സ്ത്രീകള്‍ ഉള്‍പെടെ നൂറുക്കണക്കിന് യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെരുവഴിയിലായത്.
മെക്കാനിക്കിന്റെ സേവനമുണ്ടെങ്കില്‍ മാത്രം സര്‍വിസ് നടത്താന്‍ കഴിയുന്ന ബസുകള്‍ മാത്രമാണോ ജില്ലയിലെ ഡിപ്പോകളിലുള്ളത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ജില്ലയില്‍ ദീര്‍ഘദൂര, ഗ്രാമീണ സര്‍വിസുകള്‍ നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."