പരപ്പനങ്ങാടി കോടതി പരിസരത്ത് വ്യാപക മോഷണശ്രമം
പരപ്പനങ്ങാടി: കോടതി പരിസരത്ത് വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷണവും കവര്‍ച്ചാ ശ്രമങ്ങളും നടന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് കവര്‍ച്ച നടന്നത്. കോര്‍ട്ട് റോഡിലെ പൊതുമരാമത്തു കെട്ടിട വിഭാഗം ഓഫിസ്, ജലസേചന വകുപ്പ് ഓഫിസ് തുടങ്ങിയവയിലാണ് കള്ളന്‍ പൂട്ട് പൊളിച്ചു അകത്തുകയറിയത്. അലമാര മൊത്തം അരിച്ചു പെറുക്കി ഫയലുകളൊക്കെ വാരി വലിച്ചിടുകയും ചെയ്തു. അതാത് ദിവസം ലഭിക്കുന്ന പണം അന്നന്ന് തന്നെ ട്രഷറികളില്‍ നിക്ഷേപിക്കുന്നതുകൊണ്ടു മോഷ്ടാവിന്റെ ലക്ഷ്യം നടന്നില്ല. ബുധനാഴ്ച രാവിലെ പരിസരവാസികള്‍ വിളിച്ചറിയിച്ചപ്പോഴാണ് ജീവനക്കാര്‍ വിവരം അറിയുന്നത്. പൊലിസ് സ്റ്റേഷന്‍, മജിസ്‌ട്രേറ്റ് കോടതി, തുടങ്ങിയവയുടെ തൊട്ടടുത്താണ് ഈ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കിയതായി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെ നടക്കുന്ന കെട്ടിട നിര്‍മാണത്തിന്റെ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ പണവും സെല്‍ ഫോണ്‍ എന്നിവയും ലാപ്‌ടോപ്പും കവര്‍ന്നിട്ടുണ്ട്.
അതെ സമയം, തൊട്ടടുത്തുള്ള നെടുവ വില്ലേജ് ഓഫിസിനു പിന്‍ഭാഗത്തായി പ്രവര്‍ത്തിക്കുന്ന മച്ചിങ്ങല്‍ അഷ്‌റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സോഡാ കമ്പനിയില്‍ ജോലിചെയ്യുന്ന വനിതാ തൊഴിലാളിയുടെ ബാഗും മോഷണം പോയി. കോങ്ങാട്ടില്‍ അംബികയുടെ വാനിറ്റി ബാഗാണ് പകല്‍ സമയത്ത് മോഷണം പോയത്. ബാഗിനുള്ളില്‍ ഉണ്ടായിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണവും നഷ്ടപ്പെട്ടിട്ടുണ്ട്.കമ്പനിയുടെ അകത്തു വെള്ളമാകുന്നതിനാല്‍ തൊഴിലാളികളുടെ ബാഗ് പുറത്തു വരാന്തയില്‍ വയ്ക്കുന്ന പതിവാണുള്ളത്. വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാങ്കില്‍ പണയം വയ്ക്കാന്‍ വേണ്ടി വീട്ടില്‍ നിന്നും കൊണ്ടുവന്നതാണ് ആഭരണങ്ങള്‍.ബാഗിനകത്തു ഒരു പവന്‍ തൂക്കം വരുന്ന ഒരു സ്വര്‍ണ്ണ വളയും ഉണ്ടായിരുന്നു അത് കള്ളന്റെ ശ്രദ്ധയില്‍ പെട്ടില്ല.
ആഭരണ മടങ്ങിയ ബാഗ് നഷ്ടപെട്ടതറിഞ്ഞു പരിസരമാകെ അംബികയടക്കമുള്ള വനിതാ ജോലിക്കാര്‍ തെരച്ചില്‍ നടത്തിയപ്പോള്‍ തൊട്ടടുത്ത നിര്‍മ്മാണത്തിലിരിക്കുന്ന ഗസ്റ്റ്ഹൗസ് ബിഎല്‍ഡിങ്ങിനു മുന്‍വശത്തെ നിര്‍ത്തിയിട്ടിരുന്ന ഔദ്യോഗിക വാഹനത്തിന്റെ മുകളില്‍ ഉപേക്ഷിക്ക പ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്.ബാഗിനുള്ളില്‍ മറ്റൊരു അറയിലാണ് വള സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് പരിചയം നടിച്ചു പതിനെട്ടു വയസു തോന്നിക്കുന്ന ഒരു യുവാവ് സോഡാ കമ്പനിയില്‍ എത്തി 'ചേച്ചി ഇല്ലേ 'എന്ന് ചോദിക്കുകയും വെള്ളം വാങ്ങി കുടിക്കുകയും ചെയ്തതായി വനിതാ ജോലിക്കാര്‍ പറയുന്നു. ഇവരും പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."