സൗജന്യ പരിശോധനയും ബോധവല്‍ക്കരണവും 'വൃക്കയ്‌ക്കൊരു തണല്‍' ശ്രദ്ധേയമാകുന്നു
കണ്ണൂര്‍: കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ നടക്കുന്ന തണല്‍ ഫെയറില്‍ സൗജന്യ പരിശോധനയും ബോധവല്‍ക്കരണവുമായി 'വൃക്കക്കൊരു തണല്‍' എക്‌സിബിഷന്‍ ശ്രദ്ധേയമാവുന്നു.
ദിവസവും നിരവധി ആളുകളാണ് എക്‌സിബിഷന്‍ കാണാനെത്തുന്നത്. പരിയാരം മെഡിക്കല്‍ കോളജിന്റെ സ്റ്റാളുകള്‍ ഉള്‍പ്പെടെ പത്തോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ഇതിനുപുറമേ അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കുന്നുണ്ട്.
കിഡ്‌നി രോഗം തിരിച്ചറിയാനുള്ള പരിശോധനകള്‍, മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കിഡ്‌നിയിലെ കല്ലുകള്‍ തടയാനുള്ള മാര്‍ഗങ്ങള്‍, പ്രമേഹം തടയാനുള്ള മാര്‍ഗങ്ങള്‍, ഡയാലിസിസ് ചികിത്സാ ചെലവുകളുടെ വിവരം തുടങ്ങി നിരവധി വിവരങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇതിനു പുറമേ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിവിധ സേവനങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും ഇവിടെ ലഭിക്കും. സ്റ്റാളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കായി സൗജന്യ ക്രിയാറ്റിന്‍ പരിശോധനയും നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെകുറിച്ചും പ്രദര്‍ശനത്തില്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. രാവിലെ 10 മുതല്‍ ആരംഭിച്ച് രാത്രി ഒന്‍പതുവരെയാണ് പ്രവേശനം. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."