സ്‌നേഹ സ്പര്‍ശവുമായി പൊലിസ്
കൂത്തുപറമ്പ്: സ്‌നേഹ ഭവനിലെ അന്തേവാസികള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി കാക്കിക്കുള്ളിലെ കനിവു വറ്റാത്ത മനസുകള്‍ രംഗത്ത്. സി.ഐമാരും എസ്.ഐമാരും ഉള്‍പ്പെടെ തലശ്ശേരി സബ് ഡിവിഷനിലെ പൊലിസ് ഉദ്യോഗസ്ഥരാണ് ഡിവൈഎസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ ആലച്ചേരി അറയങ്ങാട് സ്‌നേഹഭവന്‍ സന്ദര്‍ശിച്ചത്. അന്തേവാസികള്‍ക്കൊപ്പം പാട്ടുപാടിയും കുശലാന്വേഷണം നടത്തിയുമെല്ലാം പൊലിസ് ഉദ്യോഗസ്ഥര്‍ ഏറെനേരം അവരോടൊപ്പം ചെലവിട്ടു. അന്തേവാസികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റുമായി ഒരു ആംബുലന്‍സ് വാങ്ങിത്തരാമെന്നും ഡിവൈ.എസ്.പി ഉറപ്പു നല്‍കി. ഇതിനിടെ അന്തേവാസികളില്‍ ചിലര്‍ വിനോദയാത്ര പോകണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. ഈ ആഗ്രഹവും നടപ്പാക്കാമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. ജെ.സി.ഐ ഗോള്‍ഡന്‍ ഡ്രീംസ്, തലശ്ശേരി വൈസ്‌മെന്‍സ് ഇന്റര്‍നാഷനല്‍, തലശ്ശേരി, തളിപ്പറമ്പ് അത്താഴക്കൂട്ടം എന്നീ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പൊലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണവും സ്‌നേഹ സമ്മാനങ്ങളും നല്‍കിയ ശേഷമാണ് ഇവര്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."