ചികിത്സാ പിഴവുമൂലം വീട്ടമ്മ മരിച്ച സംഭവം ഭര്‍ത്താവിന്റെ പരാതിയില്‍ പൊലിസ് കേസ് എടുത്തു
വൈക്കം: ചികിത്സാപിഴവുമൂലം വീട്ടമ്മ മരിച്ച സംഭവത്തില്‍ ആറു മാസത്തിനുശേഷം ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് എടുത്തു. ആറാട്ടുകുളങ്ങര മഠത്തിപ്പറമ്പില്‍ ഓട്ടോറിക്ഷ ഡ്രൈവറായ സതീശന്റെ ഭാര്യ അനിത (49) മരിച്ച സംഭവത്തിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് അനിതയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാധവന്‍ അനിതയെ പരിശോധിക്കുകയും രക്ത പരിശോധനയ്ക്കു കുറിക്കുകയും ചെയ്തിരുന്നു.
രക്തപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍ജക്ഷന്‍ കുറിക്കുകയും ട്രിപ്പ് ഇടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ട്രിപ്പ് ഇട്ടെങ്കിലും വേദന കൂടുന്നതായി അനിത പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവ് സതീശന്‍ ഡോ. മാധവനെ ചെന്നു കണ്ടെങ്കിലും ഡോക്ടര്‍ കാഷ്വാലിറ്റിയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ പോലും കൂട്ടാക്കിയില്ല. കൂടുതല്‍ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകണമോ എന്ന സതീശന്റെ ചോദ്യത്തിന് വേദന കുറച്ചുകഴിഞ്ഞ് മാറിക്കൊള്ളും എന്ന മറുപടിയാണ് ഡോക്ടര്‍ നല്‍കിയത്. തുടര്‍ന്ന് വീണ്ടും ഇന്‍ജക്ഷനു കുറിച്ചു.
മൂന്നാമത്തെ ഇന്‍ജക്ഷന്‍ എടുക്കുന്നതിനിടെ രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് ഡ്യൂട്ടി നഴ്‌സ് ഡോക്ടര്‍ പറയാതെ തന്നെ ഇ.സി.ജി എടുത്തു.
ഇ.സി.ജി റിപ്പോര്‍ട്ടുമായി സതീശന്‍ പരിശോധനാമുറിയില്‍ ചെന്നെങ്കിലും ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ഡ്യൂട്ടി നഴ്‌സ് ഇ.സി.ജി റിപ്പോര്‍ട്ട് സതീശന്റെ കൈയില്‍നിന്നും വാങ്ങി മറ്റൊരു ഡോക്ടറെ കാണിച്ചു.
റിപ്പോര്‍ട്ട് കണ്ടപാടെ മറ്റുള്ള ഡോക്ടര്‍മാര്‍ ഓടിവന്ന് നെഞ്ച് തിരുമുകയും ഓക്‌സിജന്‍ കൊടുക്കുകയും ചെയ്തു. എത്രയും വേഗം മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് എത്തിയെങ്കിലും വൈകുന്നേരം 7.30ഓടെ അനിതയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. നെഞ്ചുവേദനയുമായി വന്ന രോഗിയെ കാര്യഗൗരവത്തോടെ പരിശോധിക്കാതെ നിസാരമരുന്നുകള്‍ നല്‍കി ഉദാസീന സമീപനം സ്വീകരിച്ച ഡോ. മാധവനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
മാനസിക ബുദ്ധിമുട്ട് മൂലവും കേസിന്റെ നിയമവശങ്ങളെക്കുറിച്ചുളള അജ്ഞതയുമാണ് പരാതി കൊടുക്കാന്‍ ഇത്രയും താമസിച്ചതെന്ന് സതീശന്‍ പറഞ്ഞു.
നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് പൊലിസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഡോക്ടറുടെ നിസംഗസമീപനംമൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ മാധവനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നതാണ് അനിതയുടെ ഭര്‍ത്താവ് സതീശന്റെയും ബന്ധുക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."