രാജ്യത്തെ ആദ്യ യു.എന്‍ ടെക്നോളജി ഇന്നവേഷന്‍ ലാബ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ യുനൈറ്റഡ് നേഷന്‍സ് ടെക്നോളജി ഇന്നവേഷന്‍ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ധാരണയായി. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന് സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
വെള്ളം, ശുചീകരണം, യാത്രാ സൗകര്യങ്ങള്‍, കൃഷി തുടങ്ങിയ മേഖലയിലുള്ള പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്കാണ് യു.എന്‍ ഇന്നവേഷന്‍ കേന്ദ്രം, കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഹരിത കേരള മിഷന്, ശുചിത്വ മിഷന്, കെ.എസ്.ഇ.ബി, ഐ.ടി മിഷന്, ടെക്നോപാര്‍ക്ക്, ജിടെക് തുടങ്ങിയവയിലെ മുതിര്‍ന്ന പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.
യു.എന്‍ ടെക്നോളജി ലാബുമായി ചേര്‍ന്ന് അന്താരാഷ്ട്ര മേഖലയിലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുകയും നെറ്റ്വര്‍ക്ക് വിപുലമാക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ടെക്നോളികള്‍ വികസിപ്പിക്കാന്‍ സാഹചര്യമൊരുങ്ങുമെന്നും ഐ.ടി സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞു. യു.എന്‍ ടെക്നോളജി ഇന്നവേഷന്‍ ലാബുമായി ചേര്‍ന്നുള്ള സാങ്കേതികവിദ്യാ സംരംഭങ്ങള്‍ കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ് സംസ്കാരത്തെ അന്താരാഷ്ട്ര മേഖലയില്‍ എത്തിക്കുന്നതോടൊപ്പം യുവ സംരംഭകര്‍ക്ക് ആവേശംപകരുമെന്നും സ്റ്റാര്‍ട്ട് അപ് മിഷന് ഡയറക്ടര്‍ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."