വരയാട് സെന്‍സസ് ഇന്നുമുതല്‍; 29 ബ്ലോക്കുകളായി തിരിച്ച് കണക്കെടുപ്പ്
തൊടുപുഴ: ഇരവികുളം ദേശിയോദ്യാനത്തില്‍ വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള സെന്‍സസിന് ഇന്ന് തുടക്കമാകും. 90 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഇരിവികുളം ദേശീയോദ്യാനത്തെ 29 ബ്ലോക്കുകളായി തിരിച്ച് നാല് ദിവസം നീണ്ടുനില്‍ക്കുന്ന കണക്കെടുപ്പില്‍ 31 സംഘങ്ങള്‍ പങ്കെടുക്കും. 93 കുഞ്ഞുങ്ങള്‍ പുതുതായി പിറന്നതായാണ് അനൗദ്യോഗിക കണക്കുകള്‍.
വരയാടുകളുടെ വംശനാശം സംഭവിക്കാതിരിക്കാന്‍ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയും സംരക്ഷണം ഉറപ്പാക്കിയും വനം വകുപ്പ് കര്‍ശന സുരക്ഷയും നിയന്ത്രണവുമാണ് ഇരവികുളത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രസവകാലം. ഈ സമയത്ത് ഇവിടെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറുണ്ട്.
1975ല്‍ ഇരവികുളം ദേശിയോദ്യാനം സ്ഥാപിതമായ ശേഷം വനം വകുപ്പ് ആദ്യമായി ഇവിടെ വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത് 1996ലാണ്. അന്ന് 640 എണ്ണം ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇരവികുളത്ത് വരയാടുകളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ പഠനം നടത്തുകയും എണ്ണം തിട്ടപ്പെടുത്തുകയും ചെയ്തത് ന്യുയോര്‍ക്ക് സുവോളജിയ്ക്കല്‍ സൊസൈറ്റി ഡയറക്ടറായിരുന്നു ഡോ. ജോര്‍ജ് വി. ഷാലറായിരുന്നു.
ലക്കം ആദിവാസിക്കുടിയിലെ രംഗസ്വാമി മുതുവാന്റെ സഹായത്തോടെ 1969 ലായിരുന്നു അത്. അന്ന് 550 വരയാടുകളെയാണിവര്‍ക്ക് കണ്ടെത്താനായത്. പിന്നീട് 1978ല്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഇ.ആര്‍.സി ദേവ്ദര്‍ നടത്തിയ കണക്കെടുപ്പില്‍ 550 ആടുകളെ കണ്ടെത്തി. 1980ലും 81ലും അമേരിയ്ക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലിഫോര്‍ഡ് ഡൈസ് നടത്തിയ നിരീക്ഷണങ്ങളില്‍ യഥാക്രമം 580 ഉം 614 ഉം എണ്ണമുള്ളതായാണ് കണക്കാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."