താലൂക്ക് ഓഫിസില്‍ അതിക്രമം: യുവതിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: താലൂക്ക് ഓഫിസിലെ ജീവനക്കാരന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച യുവതിക്കെതിരേ കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ നിര്‍ദേശം. തിരുവനന്തപുരം താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് ജെ. അഭിലാഷിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച വെങ്ങാനൂര്‍ വി.എസ് ഭവനില്‍ സുജയ്‌ക്കെതിരേയാണ് കേസ്. ആര്‍.ഡി.ഒ പോക്കുവരവ് റദ്ദാക്കിയതിനെതിരേ കലക്ടര്‍ക്ക് നല്‍കിയ പരാതി പരിഗണിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം. സുജയുടെ പേരിലുള്ള 10 സെന്റ് ഭൂമി വെങ്ങാനൂര്‍ വില്ലേജ് ഓഫിസില്‍ പോക്കുവരവ് ചെയ്തു നല്‍കിയതിനെതിരേ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ആര്‍.ഡി.ഒ പോക്കുവരവ് റദ്ദാക്കിയിരുന്നു.
സുജയുടെ മാതാവിന് ഏഴ് സെന്റ് ഭൂമിക്ക് മാത്രമാണ് പട്ടയമുള്ളതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനെതിരേ സുജ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും അദ്ദേഹം തഹസില്‍ദാറില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പരാതി പരിഗണിക്കുന്നതിന് ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണമെന്ന് തഹസില്‍ദാര്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് സുജ കൈയില്‍ കരുതിയ മണ്ണെണ്ണയുമായി താലൂക്ക് ഓഫിസിലെത്തിയത്. സീനിയര്‍ ക്ലര്‍ക്ക് അഭിലാഷിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി സ്വന്തം ശരീരത്തിലും മണ്ണെണ്ണ ഒഴിച്ച് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് തഹസില്‍ദാര്‍ സി. ലതകുമാരി അറിയിച്ചു. ഓഫിസിലെ ഫയലുകള്‍ക്കും മറ്റും നാശം സംഭവിച്ചതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."