'വികസനം പരിസ്ഥിതിയുടെ അടിത്തറ മാറ്റുന്നതാവരുത് '
കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയുടെ അടിത്തറ മാറ്റുന്നതാവരുതെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ഇ.ജെ. ജോസഫ് പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ സംരക്ഷണവും ഉപയോഗവും ഉറപ്പുവരുത്തുന്ന പദ്ധതികളാവണം നടപ്പിലാക്കേണ്ടത്. കോഴിക്കോട് ഭൂമിയിലെ വെറുമൊരു പൊട്ടാണെങ്കിലും ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ നമുക്കും നമ്മുടേതായ പങ്കുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം മനുഷ്യന്റെ ഇടപെടലുകളാണ്.
അന്റാര്‍ട്ടിക്കയിലെ മൂന്നാമതൊരു ഹിമപാളിയില്‍ കൂടി വിള്ളല്‍ വീണത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തമാണ്. ഇന്ത്യയുടെ 14 ഇരട്ടി വിസ്തൃതിയിലുള്ള ഹിമപാളികളാണ് അന്റാര്‍ട്ടിക്കയിലുള്ളത്. ഇവ ഉരുകാന്‍ തുടങ്ങിയാല്‍ ഉണ്ടാവുന്നത് വന്‍ ദുരന്തമാവും. കാലാവസ്ഥാ വ്യതിയാനം മൂലം ചൂടു കൂടുന്നത് കുടിവെള്ള ക്ഷാമത്തിനിടയാക്കും.
ജലസംരക്ഷണത്തിന് ഊന്നല്‍ കൊടുക്കുന്ന പദ്ധതികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. പൊതുകുളങ്ങളുടെ സംരക്ഷണത്തിനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ആശാവഹമാണ്.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ നദീതടത്തിലെ കുളങ്ങള്‍ കനാലില്‍നിന്ന് കൈവഴി വെട്ടിയെങ്കിലും പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മരങ്ങള്‍ വെട്ടിമാറ്റുന്നതിലൂടെ ചൂടു ലഘൂകരിക്കുന്നതിനുള്ള സംവിധാനം ഇല്ലാതാവുന്നു. മാലിന്യങ്ങള്‍ തള്ളി ജലസ്രോതസുകളും കാടുകളും വഴിയോരങ്ങളും മലിനമാവുകയാണ്. കോവളത്ത് കടലില്‍ പവിഴപ്പുറ്റുകള്‍ തേടി പോയവര്‍ക്ക് കാണാനായത് പ്ലാസ്റ്റിക് കുപ്പികളായിരുന്നു. മാലിന്യങ്ങള്‍ തള്ളി കടലും മലിനമായി. ഇത് വികസനത്തിനൊപ്പമുള്ള മൂല്യശോഷണമാണ്. വികസനം പരിസ്ഥിതിയുമായും വ്യക്തി ബന്ധങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
പ്രകൃതിയോടുള്ള, സമൂഹത്തോടുള്ള പ്രതിബദ്ധത കാണിക്കാതെ അവനവനിലേക്ക് ഒതുങ്ങുന്ന യുവതലമുറയാണ് വളരുന്നത്. കുട്ടികളെ സമൂഹ നന്മക്ക് വേണ്ടി വാര്‍ത്തെടുക്കേണ്ടത് നമ്മുടെ കടമയാണ്. വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, വികസനം എന്നിവ കോര്‍ത്തിണക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. കാര്‍ഷിക മേഖലയില്‍ ഇടപെട്ടാല്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്നതിന്റെ മാതൃകകള്‍ ജില്ലയില്‍തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവള പാണ്ടിയില്‍ 1100 ഏക്കറില്‍ നെല്‍കൃഷിയിറക്കി വന്‍ ലാഭം കൈവരിക്കാനായി. നെല്ലുല്‍പാദനത്തില്‍ കുതിച്ചുചാട്ടമാണ് തരിശുരഹിത ജില്ല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ക്ഷീരകൃഷി രംഗത്തും വലിയ സാധ്യതയുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതു വിദ്യാലയങ്ങളില്‍ വന്‍ ഉണര്‍വുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ് കരട് വാര്‍ഷിക പദ്ധതിരേഖ അവതരിപ്പിച്ചു. മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചരക പുരസ്‌കാരം നേടിയ പുറക്കാട്ടിരി ആയുര്‍വേദ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്ററിലെ ഡോ. ശ്രീകുമാര്‍ നമ്പൂതിരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് സ്വാഗതവും സെക്രട്ടറി പി.ഡി ഫിലിപ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."