സമരം ചികിത്സാപിഴവ് മറച്ചുവെക്കാനെന്ന് ആക്ഷന്‍ കമ്മിറ്റി
വടകര : വടകരയിലെ സ്വാകാര്യ ആശുപത്രിയില്‍ യുവതിക്ക് ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഡോക്ടറെ തട്ടിക്കൊണ്ടുപോയെന്ന ഐ.എം.എയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചികിത്സാ പിഴവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
മടപ്പള്ളി സ്വദേശി കിഴക്കെ മണക്കുനി ഭവ്യക്ക് മൈഗ്രേന്‍ ചികിത്സ നല്‍കിയതില്‍ വലിയ അപാകതയുണ്ട്. ഇത് മൂടിവെക്കാനാണ് ഐ.എം.എ ശ്രമിക്കുന്നത്.
ഡോക്ടറെ തട്ടിക്കൊണ്ടു പോയി എന്ന് ആരോപിക്കുന്ന ഐ.എം.എ സംഭവം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇത്രയും ഗൗരവമേറിയ പ്രശ്‌നമാണെങ്കില്‍ എന്ത് കൊണ്ടാണ് രണ്ട് ദിവസം കഴിഞ്ഞിട്ട് പരാതി നല്‍കിയതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചോദിച്ചു. ഭവ്യയുടെ ആരോഗ്യ സ്ഥിതി ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ചികിത്സാ പിഴവ് അന്വേഷിക്കുക, ഐ.എം.എയുടെ ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കുക, തെറ്റായി രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെ. കലാജിത്ത്, അഡ്വ. ബൈജു രാഘവന്‍, കോയിറ്റോടി ഗംഗാധരക്കുറുപ്പ്, സി.കെ പത്മനാഭന്‍, മടപ്പള്ളി ശ്രീധരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."