ത്രിപാഠിയുടെ മികവില്‍ പൂനെ
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന് നാലുവിക്കറ്റ് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം നാലു പന്തു ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു പൂനെ. രാഹുല്‍ ത്രിപാഠി(52 പന്തില്‍ 93 റണ്‍സ്)യുടെ തകര്‍പ്പന്‍ ബാറ്റിങാണ് ടീമിന് ജയം സമ്മാനിച്ചത്. ത്രിപാഠി ഏഴു സിക്സറും ഒന്‍പതു ബൗണ്ടറിയുമടിച്ചു.
ബെന്‍ സ്റ്റോക്സ്(14) ഡാന്‍ ക്രിസ്റ്റ്യന്‍(9* എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. നേരത്തെ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത എട്ടു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണെടുത്തത്.
മത്സരത്തില്‍ ടോസ് നേടിയ പൂനെ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ടീമിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ ഓപണര്‍ സുനില്‍ നരെയ്ന്റെ(0) വിക്കറ്റ് ടീമിന് നഷ്ടമായി. പിന്നീടെത്തിയ ഷെല്‍ഡന്‍ ജാക്സന്(10) ഗൗതം ഗംഭീര്‍(24) സഖ്യം പതിയെ സ്കോര്‍ മുന്നോട്ടു കൊണ്ടു പോയി. ഗംഭീര്‍ 19 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സറുമടിച്ചു. എന്നാല്‍ ജാക്സനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ കൊല്‍ക്കത്തയെ ഞെട്ടിച്ചു.
പിന്നീട് കൃത്യമായ ഇടവേളകളില്‍ കൊല്‍ക്കത്തയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. സ്കോര്‍ 40ല്‍ നില്‍ക്കെ ഗംഭീറിനെ സുന്ദര്‍ മടക്കി. യൂസഫ് പഠാന്(4) പിന്നാലെ തന്നെ മടങ്ങി. 10ാം ഓവറില്‍ നാലിന് 55 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ മനീഷ് പാണ്ഡെ(37) കോളിന് ഡീ ഗ്രാന്‍ഡോമെ(36) എന്നിവര്‍ ചേര്‍ന്നാണ് മുന്നോട്ടു നയിച്ചത്. മനീഷ് പാണ്ഡെ 32 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്സറുമടിച്ചു. 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ഉണ്ടാക്കിയത്. ഗ്രാന്‍ഡോമെ 19 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്സറുമടിച്ചു. പാണ്ഡെയെ ക്രിസ്റ്റ്യന്‍ മടക്കിയെങ്കിലും ഗ്രാന്‍ഡോമെ സ്കോര്‍ മുന്നോട്ടു കൊണ്ടു പോയി.
17ാം ഓവറില്‍ ഗ്രാന്‍ഡോമെ പുറത്തായെങ്കിലും സൂര്യകുമാര്‍ യാദവി(16 പന്തില്‍ 30)ന്റെ മിന്നലടികള്‍ ടീം സ്കോര്‍ 150 കടത്തി. രണ്ടു സിക്സറും രണ്ടു ബൗണ്ടറിയും സുര്യകുമാറിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."