സെന്‍കുമാറിനെ പുനര്നിയമിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവിയായി പുനര്നിയമിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രിംകോടതിയുടെ ആദ്യവിധിയനുസരിച്ച് നിയമനംനല്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സുപ്രിംകോടതി കേസ് നാളെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സെന്‍കുമാറിനെ നിയമിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചത്. സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവിയായി നിയമിക്കണമെന്ന കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ടി.പി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുന:പരിശോധനാ ഹരജി സമര്‍പ്പിച്ചിരുന്നു. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹരജിക്ക് പുറമെയാണിത്. സെന്‍കുമാറിന് പൊലിസ് മേധാവിയായിരിക്കാന്‍ അര്‍ഹതയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിധി ലോക്നാഥ് ബെഹ്റയെ ബാധിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി യുദ്ധത്തിനില്ല: സെന്‍കുമാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ രേഖകള്‍ പ്രതിപക്ഷത്തിന് ചോര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് ടി.പി സെന്‍കുമാര്‍.
സര്‍ക്കാര്‍ രേഖകള്‍ താന്‍ ചോര്‍ത്തുകയോ, ആര്‍ക്കെങ്കിലും നല്‍കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരുമായി യുദ്ധത്തിനില്ല. ഡി.ജി.പി നിയമനം വൈകുന്നതിനെതിരേ നല്കിയ ഹരജി വെള്ളിയാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്. അതുവരെ കാത്തിരിക്കും. ഔദ്യോഗികമായി ആശയവിനിമയം ഇതുവരെ നടന്നിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.അതിനിടെ സെന്‍കുമാറിനെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് അംഗമായി നിയമിക്കുന്നതിനുള്ള പട്ടികയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."