റേഷന്‍ പ്രതിസന്ധി: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അനൂപ് ജേക്കബാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. റേഷന്‍ വിതരണത്തിലെ സ്തംഭനാവസ്ഥ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു.
ഈ ഘട്ടത്തില്‍ വിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയ്ക്ക് ആവശ്യത്തിനു പണം കൊടുക്കാതെ സിവില്‍ സപ്ലൈസ് വകുപ്പിനെ ശ്വാസംമുട്ടിച്ചു കൊല്ലുകയാണ് സര്‍ക്കാരെന്നും അനൂപ് പറഞ്ഞു. എന്നാല്‍ റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. റേഷന്‍ കടക്കാരുടെ പ്രശ്‌നം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ ശുപാര്‍ശകളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇച്ഛാശക്തി ഒട്ടുമില്ലാത്ത സര്‍ക്കാരാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റേഷന്‍ കടക്കാര്‍ ഉന്നയിച്ച വിഷയത്തെക്കുറിച്ച് അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
ഡി.ജി.പി ആര്? സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ചോദ്യോത്തരവേളക്കിടെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സംസ്ഥാനത്തെ പൊലിസ് മേധാവി ആരാണെന്ന് ചോദിച്ചുകൊണ്ടാണ് പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടങ്ങിയത്.
ആദ്യചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി. ഇതോടെ സഭ നടത്തിക്കൊണ്ട് പോകാന്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്നും ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് അംഗങ്ങള്‍ ശാന്തരാവണമെന്നും ചോദ്യോത്തരവേള സുഗമമായി നടക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി. എല്ലാ ദിവസവും ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍ തന്നെ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സഭാ നടപടികള്‍ സുഗമമായി നടത്തികൊണ്ടു പോകാന്‍ കഴിഞ്ഞ ദിവസം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രതിപക്ഷം ഇത്തരത്തില്‍ ബഹളം വയ്ക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ബഹളം നിര്‍ത്തി സീറ്റുകളിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."