ജോസഫ് വിഭാഗത്തെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്
കോട്ടയം: മാണിവിഭാഗവുമായി സമീപഭാവിയിലെങ്ങും സഖ്യസാധ്യതയില്ലെന്ന് ഉറപ്പായതോടെ ജോസഫ് വിഭാഗത്തെ അടര്‍ത്തിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ജോസഫ് വിഭാഗത്തോടൊപ്പം ഇടതുമുന്നണിയില്‍ ഇടം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായ ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസിനെയും കൂടി യു.ഡി.എഫ് പാളയത്തിലെത്തിക്കാനാവുമെന്ന അധികനേട്ടവും കോണ്‍ഗ്രസ് മുന്നില്‍ കാണുന്നുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്തിലെ നിലപാടുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് ശക്തമായ നിലപാടുമായി രംഗത്തുവന്നത് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് കരുത്തു പകരും. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയുള്ള തീരുമാനമാണിതെന്നും ഇക്കാര്യം നേതൃയോഗങ്ങളില്‍ ഉന്നയിക്കുമെന്നും മോന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ജോസഫ് വിഭാഗത്തിന്റെ അതൃപ്തി വ്യക്തമാക്കുന്നതാണ് മോന്‍സിന്റെ വാക്കുകള്‍.
ജില്ലാ പഞ്ചായത്ത് വിഷയത്തില്‍ കെ.എം മാണിയുടെയും ജോസ് കെ. മാണിയുടെയും ഏകപക്ഷീയമായ തീരുമാനത്തില്‍ പാര്‍ട്ടിയിലെ അടിയുറച്ച മാണി പക്ഷക്കാര്‍ക്കുവരെ പ്രതിഷേധമുണ്ട്. അങ്ങനെ വന്നാല്‍ ജോസഫ് വിഭാഗത്തോടൊപ്പം മാണി ഗ്രൂപ്പിലെ അസംതൃപ്തരെയും യു.ഡി.എഫിലെത്തിക്കാനാകുമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.
മാണിയുടെയും മകന്റെയും നടപടികളില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന നല്‍കുന്ന സൂചനയും ഇതാണ്.
നിലവിലെ സാഹചര്യത്തില്‍ മാണി വിട്ടു പോയതോടെ ഭരണം നഷ്ടമായേക്കാവുന്ന തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം പരമാവധി കുറക്കാനാകുമെന്നതാണ് ജോസഫ് വിഭാഗത്തെ കൂടെക്കൂട്ടിയാലുണ്ടാകുന്ന പ്രത്യക്ഷമായ നേട്ടം.
അന്‍പതോളം വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിയും. ഇടുക്കി ജില്ലാ പഞ്ചായത്ത് കേരളാ കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ജോസഫ് വിഭാഗക്കാരായ അംഗങ്ങള്‍ക്കാണ് ഇവിടെ കേരളാ കോണ്‍ഗ്രസില്‍ മേല്‍കൈ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."