ആണവയുദ്ധത്തിന് ട്രംപ് ഒരുങ്ങില്ല
പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഉത്തര കൊറിയയുടെ അധികാരം ചെറു പ്രായത്തില്‍ ഏറ്റെടുക്കേണ്ടിവന്നയാളാണ് കിം ജോങ് ഉന്‍ എന്ന ഏകാധിപതി. 1950 ല്‍ ഉത്തര കൊറിയ അമേരിക്കയുമായി നടത്തിയ യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങിയവരാണ്. അതിനാല്‍ തന്നെ യുദ്ധത്തിന്റെ അനുഭവവും പരാജിതന്റെ പോരാട്ടവീര്യവും കനലൊടുങ്ങാത്ത യു.എസ് വിരുദ്ധതയും ഉത്തര കൊറിയക്കാരുടെ മനസില്‍ ആവോളമുണ്ട്. കിം ജോങ് ഉന്‍ ജനിക്കുന്നതിന് അരനൂറ്റാണ്ട് മുന്‍പാണ് ഇരു കൊറിയകളും വിഭജിക്കപ്പെട്ട സംഭവവും യുദ്ധവും. അമേരിക്കയുമായി എന്നും പോരടിച്ചുവളര്‍ന്ന ഉത്തര കൊറിയ ഉപരോധങ്ങളെയും മറ്റും അതിജീവിച്ചാണ് ആണവ ശക്തിയായി വളര്‍ന്നത്.
അമേരിക്കയെന്ന ശത്രുവിനെ എന്നെങ്കിലും തിരിച്ചടിക്കുകയെന്ന മനസാണ് 100 ലേറെ ആണവായുധങ്ങളുടെ സംഭരണത്തിലേക്ക് ഉത്തര കൊറിയയെ എത്തിച്ചത്. ഇതിന് വാശികൂട്ടാന്‍ അമേരിക്ക ദ.കൊറിയയില്‍ സൈനിക അഭ്യാസങ്ങള്‍ പതിവായി നടത്തുകയും സൈനിക ശേഷി കൂട്ടുകയും ചെയ്തു. ഉത്തര കൊറിയയെ ആണവശക്തിയാക്കിയതിനു പിന്നില്‍ അമേരിക്കയുടെ ഈ കോപ്പുകൂട്ടലായിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ ആണവ വ്യാപനം ഇപ്പോള്‍ ഏഷ്യക്ക് തന്നെ ഭീഷണി ആകുന്നതിലേക്ക് നയിച്ചതും ഇപ്പോള്‍ ചൈന ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നതും യുദ്ധക്കൊതി വളര്‍ത്തി മുതലെടുക്കുന്ന യാങ്കികളുടെ നീക്കത്തിന്റെ പരിണിതഫലമാണ്.
യു.എസ് ഭിന്നിപ്പിച്ച കൊറിയ
1945 ല്‍ രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിച്ചതോടെയാണ് കൊറിയന്‍ ഉപദ്വീപില്‍ നിന്ന് ജപ്പാന്‍ പിന്‍വാങ്ങുന്നത്. ഉത്തര ഭാഗം സോവിയറ്റ് യൂനിയന്റെ അധിനതയിലേക്കും ദക്ഷിണ ഭാഗം യു.എസ് നിയന്ത്രണത്തിലേക്കും നീങ്ങിയതാണ് വിഭജനത്തിന് ഇടയാക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉത്തര മേഖലയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഇതിന് സോവിയറ്റ് യൂനിയന്‍ പിന്തുണ നല്‍കി. ഇതാണ് ഉത്തര കൊറിയന്‍ സര്‍ക്കാര്‍ അഥവാ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ (ഡി.പി.ആര്‍.കെ) എന്ന രാജ്യത്തിന്റെ പിറവിക്ക് നിദാനം. ചെങ്കൊടി സേനയുടെ മേധാവിയായിരുന്ന കിം ഇല്‍ സങ് രാജ്യത്തിന്റെ നേതൃസ്ഥാനത്തെത്തി. പക്ഷേ, ദ.കൊറിയയെ കൂടി ഉള്‍പ്പെടുത്തിയാണ് കിം ഇല്‍ സങ് കൊറിയന്‍ രാഷ്ട്രം രൂപീകരിച്ചത്. അന്നത്തെ ഭൂപടത്തില്‍ കൊറിയ ഒറ്റരാജ്യമായിരുന്നു. തുടര്‍ന്ന് സോവിയറ്റ് യൂനിയന്‍ ഇവിടെ നിന്ന് മടങ്ങി.
അതിനിടെ, അമേരിക്കയുടെ വിഭജിക്കല്‍ തന്ത്രം ദക്ഷിണ ഭാഗത്ത് സജീവമായി. താമസിയാതെ യു.എസ് പിന്തുണയോടെ ദ.കൊറിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇതാണ് 1950 ല്‍ കൊറിയന്‍ യുദ്ധത്തിന്റെ മൂലകാരണമായത്. ആദ്യം ആക്രമിച്ച ഉ.കൊറിയക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. അമേരിക്ക ദ.കൊറിയയെ സഹായിച്ചു. ഒടുവില്‍ യു.എന്‍ മധ്യസ്ഥതയില്‍ താല്‍കാലിക വെടിനിര്‍ത്തലുണ്ടാക്കി. ഇതിലപ്പുറം സമാധാനത്തിന് വേണ്ടി ഒന്നുമുണ്ടായില്ല. പിന്നീടുള്ള മുതലെടുപ്പിന് വേണ്ടി യു.എസ് ഒരുക്കിവച്ച തന്ത്രമായിരുന്നു ഇത്. അതായത് യുദ്ധം അവസാനിച്ചെങ്കിലും യുദ്ധാവസ്ഥ നിലനിന്നു. ഇരു കൊറിയകളുടെയും അതിര്‍ത്തി സൈനിക രഹിത മേഖലയായി പ്രഖ്യാപിച്ചതിനാല്‍ നിയന്ത്രണ രേഖയിലെ സംഘര്‍ഷം ഇല്ലാതായി എന്നു മാത്രം.
സാംസ്‌കാരികവും ഭൗമശാസ്ത്രപരമായും ഒന്നായി നില്‍ക്കേണ്ട മേഖലയാണ് മുക്കാല്‍ നൂറ്റാണ്ടായിട്ടും പോരടിച്ചുകഴിയുന്നത്. സോവിയറ്റ് റഷ്യയും കൊറിയന്‍ വിഭജനത്തിന് കാര്യമായ പങ്കുവഹിച്ചുവെന്ന് പറയാമെങ്കിലും നേതൃസ്ഥാനം യു.എസിന് തന്നെയാണ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ ലോകത്ത് അമേരിക്ക നേടിയ മേല്‍ക്കോയ്മയാണ് ഉ.കൊറിയയെ അതിജീവനത്തിന്റെ പാതയിലേക്ക് നയിച്ചതും ആണവശക്തിയാക്കിയതും. കമ്മ്യൂണിസ്റ്റ് രാജ്യമെന്ന അനുഭാവമുള്ളതിനാല്‍ ചൈന എന്നും ഉത്തര കൊറിയയെ സഹായിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ കൈയൊഴിയുന്ന സാഹചര്യമാണുള്ളത്.
കൊറിയന്‍ യുദ്ധക്കെടുതി
പങ്കെടുത്ത സൈനികര്‍-12,12,000 പേര്‍
ആകെ മരിച്ചവര്‍-25 ലക്ഷം
(ഉ.കൊറിയക്കാര്‍-15,50,000,
ദ.കൊറിയക്കാര്‍- 9,90,968)
പരുക്കേറ്റവര്‍-3,87,744 പേര്‍
യുദ്ധശേഷിപ്പും ഉപരോധവും
യുദ്ധകാലത്ത് ഉത്തര കൊറിയയില്‍ ബോംബിട്ട് നശിപ്പിച്ച അമേരിക്കയുടെ ചരിത്രം വാഷിങ്ടണ്‍ പോസ്റ്റിന്റെ ലേഖകന്‍ ബെയ്ന്‍ ഹാര്‍ഡന്‍ ഈയിടെ വിശദീകരിച്ചിരുന്നു. 20 ശതമാനം കൊറിയന്‍ ജനതയെ കൊന്നൊടുക്കിയെന്നാണ് അന്ന് യു.എസ് വെളിപ്പെടുത്തിയത്.
ഉ.കൊറിയയില്‍ ചലിക്കുന്ന എല്ലാറ്റിനെയും ഇഷ്ടികക്ക് മുകളില്‍ മറ്റൊരു ഇഷ്ടികയുള്ള എല്ലാം ഞങ്ങള്‍ തകര്‍ത്തു എന്നാണ് അന്ന് യുദ്ധത്തില്‍ പങ്കെടുത്ത യു.എസ് സ്ട്രാറ്റിജിക് എയര്‍ കാമാന്‍ഡന്റ് തലവാനായിരുന്ന ജനറല്‍ കര്‍ട്ടിസ് ലേ മേ 1955 ല്‍ വെളിപ്പെടുത്തിയത്. അന്ന് നടന്ന ക്രൂരതകളൊന്നും ലോകമറിഞ്ഞില്ല. ഉത്തര കൊറിയയിലെ ഡാമുകളും മറ്റും ബോംബിട്ട് തകര്‍ത്ത് കൃഷിഭൂമി വെള്ളത്തിലാക്കി കൃഷി നശിപ്പിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ കണക്കുകളില്ല. യുദ്ധം ജയിച്ചുവെന്ന് ഉ.കൊറിയ പ്രചരിപ്പിച്ചു.
ആണവ യുദ്ധത്തിന് സാധ്യതയില്ല
ഇനിയൊരു യുദ്ധമുണ്ടായാല്‍ 20 ലക്ഷം പേരെങ്കിലും കൊന്നൊടുക്കപ്പെടും. അമേരിക്കയിലെ വാഷിങ്ടണ്‍, ഓസ്റ്റിന്‍, തെക്കന്‍ കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ആണവബോംബ് വര്‍ഷിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നാണ് ഉ.കൊറിയ പറയുന്നത്. തങ്ങളുടെ മിസൈലുകളെല്ലാം സിയൂളിന് നേരെ തിരിച്ചുവച്ചിരിക്കുകയാണ് ഉ.കൊറിയ. ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കു മുന്‍പ് സിയൂള്‍ തകരും. യു.എസിന്റെ ജപ്പാനിലെയും മറ്റും സൈനിക താവളങ്ങള്‍ക്കു നേരെയും ആക്രമണം നടക്കും.
ആദ്യം അമേരിക്ക ആണവായുധം പ്രയോഗിച്ചാല്‍ പോലും രക്ഷയുണ്ടാകില്ലെന്ന് യു.എസിലെ യുദ്ധവിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഉ.കൊറിയയിലെ സ്‌കൂള്‍ കുട്ടികളെ യു.എസ് പട്ടാളക്കാരന്റെ പ്രതിമയില്‍ തോക്കിന്‍കുഴല്‍ കൊണ്ട് കുത്തി പഠിപ്പിക്കുന്നത് ആ രാജ്യത്തെ പൗരന്മാര്‍ക്ക് അമേരിക്കയോടുള്ള പക വ്യക്തമാക്കുന്നതാണ്.
കിം ഇല്‍ സങ് നാല്‍പ്പത് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചതും ഇതു തന്നെയാണ്. 'യുഎസ് സാമ്രാജ്യത്വത്തെ വെറുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാ ജനങ്ങളെയും ബോധവാന്മാരാക്കുക എന്നതാണ് ഞങ്ങളുടെ തയാറെടുപ്പിന്റെ (യുദ്ധത്തിന് വേണ്ടിയുള്ള) ഏറ്റവും പ്രധാനപ്പെട്ട വശം.' ക്യൂബയിലും വിയറ്റ്‌നാമിലും പരാജയപ്പെട്ട് പിന്മാറിയ യു.എസിന് ഉ.കൊറിയയെയും ഭയമുണ്ട്. അതാണ് കിമ്മുമായി ചര്‍ച്ചക്ക് തയാറാണെന്ന ട്രംപിന്റെ പ്രസ്താവന വിരല്‍ചൂണ്ടുന്നത്. വ്യവസായിയായ യു.എസ് പ്രസിഡന്റിന് യുദ്ധത്തിന്റെ ലാഭവും നഷ്ടവും കണക്കുകൂട്ടാനറിയാമെന്ന് സാരം.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."