സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം: നിലപാട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: രണ്ട് ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തില്‍ പാകിസ്താനെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി കേന്ദ്രവിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. ഇന്നലെ രാവിലെയാണ് സൗത്ത്‌ബ്ലോക്കിലെ വിദേശകാര്യമന്ത്രാലയത്തില്‍ അബ്ദുല്‍ ബാസിത് എത്തിയത്. പാകിസ്താന്റെ നടപടി ഒരുനിലയ്ക്കും അംഗീകരിക്കാന്‍ കഴിയാത്തതും രാജ്യാന്തര യുദ്ധ നിയമങ്ങള്‍ക്ക് വിരുദ്ധാണെന്നും വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ പാക് ഹൈക്കമ്മിഷണറെ അറിയിച്ചു. എന്നാല്‍ സൈനികരുടെ മൃതദ്ദേഹങ്ങള്‍ വികൃതമാക്കിയിട്ടില്ലെന്ന പാകിസ്താന്റെ അവകാശവാദം അദ്ദേഹം ആവര്‍ത്തിച്ചു. ഏതാനും മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്ന ബാസിത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയാറായില്ല.
മൃതദേഹം വികൃതമാക്കിയതുസംബന്ധിച്ച് സംഭവസ്ഥലത്തുനിന്നു ശേഖരിച്ച തെളിവുകളും വിദേശകാര്യമന്ത്രാലയം പാക് ഹൈക്കമ്മിഷണര്‍ക്കു കൈമാറി. ഹീനകൃത്യത്തിന് ഉത്തരവാദികളായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
രക്തസാംപിളുകളും മറ്റും തെളിയിക്കുന്നത് കൊലയാളികള്‍ അതിര്‍ത്തികടന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് സഞ്ജയ് ബാഗ്‌ലെ പറഞ്ഞു. പാക് സൈന്യം കൃഷ്ണഘട്ടിയിലെ നിയന്ത്രണരേഖ കടന്നതിനുള്ള തെളിവുകള്‍ ഇന്ത്യ കൈമാറി. തുടര്‍നടപടികള്‍ക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ചയാണ് കശ്മിരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി പ്രദേശത്ത് അതിര്‍ത്തി കടന്നു 250 മീറ്ററോളം ഉള്ളിലേക്ക് കയറി പാക് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടുജവാന്‍മാരുടെ മൃതദേഹം വികൃതമാക്കുകയുംചെയ്തു. ആറു മാസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കപ്പെട്ട സംഭവമുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."