കര്‍ണാടക ബി.ജെ.പിയില്‍ പ്രതിസന്ധി തുടരുന്നു; അമിത്ഷായും നിസ്സഹായന്
ബംഗളൂരു: ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ പ്രവേശന കവാടമെന്ന് അവര്‍ പറയുന്ന കര്‍ണാടകയില്‍ പാര്‍ട്ടിയില്‍ രൂപംകൊണ്ടിട്ടുള്ള പ്രതിസന്ധി ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു.
മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ബി.എസ് യദ്യൂരപ്പയും നിയമസഭാ പ്രതിപക്ഷ നേതാവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ കെ.എസ് ഈശ്വരപ്പയും തമ്മിലുള്ള തര്‍ക്കമാണ് സ്ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് നീങ്ങിയിരിക്കുന്നത്. യദ്യൂരപ്പയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയാറാകാത്ത ഈശ്വരപ്പ സേവ് ബി.ജെ.പി കണ്വന്ഷന് വിളിച്ചുചേര്‍ത്തതോടെയാണ് വിവാദം രൂക്ഷമായത്.
പാര്‍ട്ടിയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ദേശീയ ജന. സെക്രട്ടറി മുരളീധര്‍ റാവുവിനെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുപക്ഷത്തെയും നാല് നേതാക്കളെ പുറത്താക്കുകയും ചെയ്തിരുന്നു.
എന്നിട്ടും പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ കണ്ണുകളും ദേശീയാധ്യക്ഷന്‍ അമിത്ഷായിലേക്ക് നീളുകയാണ്. എന്നാല്‍ കര്‍ണാടകയിലെ പ്രശ്നത്തില്‍ അമിത്ഷായും നിസഹായനാണെന്നാണ് വാര്‍ത്ത. ഈ മാസം ആറിന് സംസ്ഥാന എക്സിക്യൂട്ടിവ് യോഗം നടക്കുന്നുണ്ട്. ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
പ്രശ്ന പരിഹാരത്തിനായി മുരളീധര്‍ റാവു സംസ്ഥാനത്തെത്തി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. എത്രയും പെട്ടെന്ന് ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് അദ്ദേഹം അമിത്ഷായോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടയില്‍ സേവ് ബി.ജെ.പി കണ്‍വന്‍ഷനില്‍ ഈശ്വരപ്പ പങ്കെടുത്തിരുന്നില്ല. ഇക്കാര്യം മുരളീധര്‍ റാവു അമിത്ഷായെ അറിയിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് യദ്യൂരപ്പക്കും ഈശ്വരപ്പക്കും ശക്തമായ പിന്തുണയുള്ളതുകൊണ്ട് ഈ രണ്ട് നേതാക്കളിലാര്ക്കെങ്കിലും എതിരേ നടപടിയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിക്കിടയുണ്ടാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതിനിടയില്‍ ഈശ്വരപ്പയുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന സന്ഗോളി രായണ്ണ ബ്രിഗേഡിന്റെ പ്രത്യേക യോഗം ഈ മാസം എട്ടിന് റെയ്ച്ചൂരില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."