സിറിയന്‍ സമാധാനം: അസ്താന ചര്‍ച്ചയില്‍ നിന്ന് വിമതര്‍ ഇറങ്ങിപ്പോയി
അസ്താന: സിറിയന്‍ ആഭ്യന്തരയുദ്ധത്തിനു പരിഹാരം കാണാനായി കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയില്‍നിന്ന് സിറിയന്‍ വിമതര്‍ ഇറങ്ങിപ്പോയി. രാജ്യത്ത് സര്‍ക്കാര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടരുന്നതായി ആരോപിച്ചാണ് വിമതര്‍ ചര്‍ച്ച ബഹിഷ്‌കരിച്ചത്.
സിറിയയില്‍ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാനായി റഷ്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കുമേലാണ് ഇന്നലെ സിറിയന്‍ സര്‍ക്കാര്‍-പ്രതിപക്ഷ പ്രതിനിധികള്‍ അസ്താനയില്‍ ഒന്നിച്ചിരുന്നത്. എന്നാല്‍, വിമതനിയന്ത്രണത്തിലുള്ള മേഖലകളില്‍ സര്‍ക്കാര്‍ സൈന്യം ആക്രമണം തുടരുകയാണെന്നും ഇതിനാല്‍ തങ്ങള്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയാണെന്നും പറഞ്ഞ് വിമതപക്ഷത്തെ പ്രതിനിധീകരിച്ചെത്തിയ സൈനികസംഘം ഇറങ്ങിപ്പോക്ക്‌നടത്തുകയായിരുന്നു. എന്നാല്‍, വിമതപക്ഷം പൂര്‍ണമായും ചര്‍ച്ചയില്‍നിന്നു പിന്‍വലിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണത്തോടുള്ള പ്രതിഷേധാര്‍ഹമാണ് വാക്കൗട്ട് നടത്തിയതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യക്കു പുറമെ സിറിയന്‍ സൈന്യത്തെ പിന്തുണക്കുന്ന ഇറാനും വിമതസംഘത്തെ പിന്തുണക്കുന്ന തുര്‍ക്കിയുമാണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത്. കഴിഞ്ഞമാസം ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് അസ്താനയില്‍ അനുരജ്ഞന ചര്‍ച്ചകള്‍ ആരംഭിച്ചത്.
വിമതനിയന്ത്രണത്തിലുള്ള സിറിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബ്, മധ്യമേഖലയില്‍ ഹുംസ്, ദമസ്‌കസിനടുത്തുള്ള കിഴക്കന്‍ ഗൗത എന്നിവിടങ്ങളില്‍ ആക്രമണത്തിന്റെ തീവ്രത കുറഞ്ഞ മേഖലകള്‍ സൃഷ്ടിക്കുകയാണ് ചര്‍ച്ചയില്‍ റഷ്യ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. അടിയന്തരമായി രാജ്യത്ത് എല്ലാ ആക്രമണപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും അഭയാര്‍ഥികളുടെ സുരക്ഷിതമായ മടക്കത്തിനുള്ള സാഹചര്യമൊരുക്കാനും നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."