അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചു
നെടുമ്പാശ്ശേരി: മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചു. സംസ്ഥാന അഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ വിശ്വനാഥന്റെ നേതൃത്വത്തിലാണ് വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് പ്രത്യേക ഫോമുകള്‍ വിതരണം ചെയ്ത് അത് പൂരിപ്പിച്ച് നല്കാന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകളുടെ വിവരങ്ങളും പൊലിസ് ശേഖരിക്കുന്നുണ്ട്. അടുത്തിടെയുണ്ടായ നിരവധി കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാനക്കാര്‍ വ്യാപകമായി ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ വഴി കഞ്ചാവും മയക്കുമരുന്നും സംസ്ഥാനത്ത് എത്തുന്നതായും, കള്ളനോട്ടുകള്‍ വ്യാപകമായി എത്തിക്കുന്നതായും അടുത്തിടെ പൊലിസും, എക്സൈസ് വിഭാഗവും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. നെടുമ്പാശ്ശേരി മേഖലയില്‍ കെട്ടിട നിര്‍മ്മാണമേഖലയിലും മറ്റുമായി നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."