പീഡനത്തിനിരയായ പെണ്‍കുട്ടിയേയും അനുജത്തിയേയും മാറ്റാനുള്ള ശിശുക്ഷേമ സമിതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ആലുവ:അച്ഛന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയേയും അനുജത്തിയേയും ജനസേവ ശിശുഭവനില്‍നിന്നും ഉടന്‍ മാറ്റണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവിനെതിരെ ജനസേവ ശിശുഭവന്‍ ഹൈക്കോടതിയെ സമീപിച്ചു.
അഡ്വ.കാളീശ്വരംരാജ് മുഖേന സമര്‍ പ്പിച്ച ഹര്‍ജിയില്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2014 സ്‌കൂള്‍ അവധിക്കാലത്താണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം ജനസേവയില്‍നിന്ന് പന്ത്രണ്ടും ഒമ്പതും പ്രായമുള്ള പെണ്‍കുട്ടികളെ ഇടുക്കി സ്വദേശിയായ പിതാവ് കൂട്ടിക്കൊണ്ടുപോയത്. കുട്ടികളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇയാള്‍ മക്കളെ വീട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് മൂത്തകുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.കഴിഞ്ഞമാസം 25നാണ് ജനസേവ അധികൃതര്‍ കുട്ടിയുടെ ആവശ്യപ്രകാരം ഇടുക്കി സ്വദേശിയായ പിതാവിനെതിരെ പൊലിസില്‍ പരാതി നല്‍കിയത്. സംഭവം വാര്‍ത്തയായെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിക്കാനോ കുട്ടിയെ ആശ്വസിപ്പിക്കാനോ ശിശുക്ഷേമ സമിതിയില്‍നിന്നും ആരും എത്തിയില്ല. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ജനസേവയില്‍നിന്നും മറ്റൊരു അഗതിമന്ദിരത്തിലേക്ക് ഉടന്‍ മാറ്റണമെന്നാണ് അവര്‍ ഉത്തരവിട്ടത്.
ഏപ്രില്‍ 27ലെ ഉത്തരവ് നടപ്പാക്കുന്നതിനായി ആലുവ വെസ്റ്റ് പൊലിസ് അര്‍ദ്ധരാത്രി ജനസേവ ശിശുഭവന്‍ എത്തിയെങ്കിലും അസമയത്ത് കുട്ടിയെ പോലീസിനോടൊപ്പം പറഞ്ഞുവിടാന്‍ ജനസേവ അധികൃതര്‍ തയ്യാറായില്ല. പിറ്റേന്ന് ഈ വിവരം അറിഞ്ഞ കുട്ടിക്ക് കലശലായ വലിവിന്റെ അസുഖം വരികയും ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇക്കാര്യം അറിഞ്ഞ ശിശുക്ഷേമ സമിതി കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഈ ഉത്തരവുമായി 28-ാം തീയതി രാത്രിയില്‍ പൊലിസ് അന്‍വര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും കുട്ടി പോകുവാന്‍ തയ്യാറായില്ല. ശിശുക്ഷേമ സമിതിയുടെ ഈ കടുംപിടുത്തത്തിനെതിരെയാണ് ജനസേവ ശിശുഭവന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."