ജനങ്ങള്‍ക്ക് ഭീഷണിയായി ചെങ്ങമനാട് ആശുപത്രിക്കവലയിലെ വടവൃക്ഷം
നെടുമ്പാശ്ശേരി: അത്താണി മാഞ്ഞാലി റോഡില്‍ ചെങ്ങമനാട് ഗവ. ആശുപത്രിപ്പടി കവലയില്‍ അടിഭാഗം ദ്രവിച്ച വടവൃക്ഷം യാത്രക്കാര്‍ക്കും രോഗികള്‍ക്കും ഭീഷണിയാകുന്നു. ഏകദേശം 50 അടിയോളം ഉയരമുള്ള മരത്തില്‍ ശിഖരങ്ങള്‍ നിറഞ്ഞ് റോഡിലേക്ക് ചാഞ്ഞ് ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഏറെ ജനതിരക്കുള്ള ജങ്ഷനാണ് ആശുപത്രി കവല.
ദിനംപ്രതി ആശുപത്രിയില്‍ വരുന്ന നൂറ് കണക്കിന് രോഗികളും വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍ നടയാത്രക്കാരും ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ അടക്കം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വന്ന് പോകുന്ന നിരവധി വാഹനങ്ങളും ഇത് വഴി സഞ്ചരിക്കുന്നു. സമീപത്തായി കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
സമീപത്തുള്ള അനാഥാലയത്തിന്റെ മതിലില്‍ ചേര്‍ന്നാണ് മരം നില്‍ക്കുന്നത്. ഇത് മൂലം മതിലും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
തെക്ക് വശത്ത് നിന്ന് കോയിക്കല്‍ക്കടവ് റോഡും വടക്ക് വശത്ത് നിന്നുള്ള കുളവന്‍കുന്ന് റോഡും സംഗമിക്കുന്ന കവലകൂടിയാണിത്. കുളവന്‍കുന്നില്‍ നിന്ന് പുലര്‍ച്ചെ സമയങ്ങളിലും മറ്റും പെരിയാറിലെ കുളിക്കടവിലേക്കും കണ്ടംതുരുത്ത് ഭാഗത്ത് നിന്ന് ക്ഷേത്രങ്ങളിലേക്കും നിരവധിപേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. മരത്തിന്റെ കൊമ്പുകള്‍ ഉയരത്തില്‍ നിന്ന് വീണ് പലപ്പോഴും ചെറിയ തോതില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ മുമ്പാകെ പലതവണ പരാതി നല്‍കിയെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."