ഏഴിക്കര പഞ്ചായത്തിനെതിരേ പട്ടികജാതി ഏകോപന സമിതി കോടികളുടെ പട്ടികജാതി ഫണ്ട് പാഴാക്കി
പറവൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പട്ടികജാതി ക്ഷേമത്തിനു വേണ്ടി വിവിധ പദ്ധതികളില്‍ ചിലവഴിക്കേണ്ട തുകയില്‍ ബഹുഭൂരിഭാഗവും ഏഴിക്കര പഞ്ചായത്ത് നഷ്ടപെടുത്തിയെന്ന് പട്ടികജാതി ഏകോപനസമിതി ഉന്നയിച്ചു.
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ദളിത് സംഘടനാ പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴുവാക്കിയെന്നും പരാതി ഉയരുന്നു.എസ്.സി വര്‍ക്കിങ് ഗ്രൂപ്പില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരെയും പദ്ധതി രൂപീകരണത്തിലെ അപാകതകള്‍ ചൂണ്ടി കാണിക്കുന്നവരെയും ഒഴിവാക്കിയുള്ള പതിമൂന്നാം പഞ്ചവത്സര പദ്ധതി കരട് രൂപീകരണവും വരും നാളുകളില്‍ ഫണ്ട് നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ പദ്ധതി കാലയളവില്‍ ഉള്‍പ്പെടുത്തിരിയുന്ന എസ്.സി ഭൂരഹിതര്‍ക്ക് ഭൂമി,പട്ടികജാതി ശ്മശാനം,എസ്.സി മിനിവ്യവസായ കേന്ദ്ര നിര്‍മാണം,സ്വയം തൊഴില്‍ ധനസാഹായം തുടങ്ങിയവ പ്രാരംഭ ഘട്ടത്തില്‍ തന്നെ യാതൊരു നടപടിയും എടുക്കാതെ നഷ്ടപ്പെടുത്തിയിരിക്കയാണ്.എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായവും യാത്രാച്ചെലവും താറുമാറാക്കി.
ഏഴിക്കര പഞ്ചായത്ത് ഭൂരിഭാഗം പ്രദേശങ്ങളും സി.ആര്‍ ഇസെഡ് പരിധിയില്‍ വരുന്നതിനാല്‍ ഭവന നിര്‍മാണം,വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി നിര്‍മാണം മുതലായവ തടസപ്പെട്ടുകിടക്കുകയാണ്.
പട്ടികജാതി വികസന ഫണ്ട് വിനിയോഗത്തിലെ നിയമപ്രശ്‌നങ്ങള്‍ പറഞ്ഞു ഗുണഭോക്താക്കളെ വലിക്കുന്ന രീതിയാണ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും ഏകോപനസമിതി കുറ്റപ്പെടുത്തി.
എസ്.സി വിഭാഗ ഫണ്ട് നഷ്ടപ്പെടുത്തുന്നതിനെതിരെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ പട്ടികജാതി ഏകോപനസമിതി പ്രസിഡന്റ് എം കെ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."