കൊച്ചി മെട്രൊ: സുരക്ഷാ കമ്മിഷണറുടെ പരിശോധന തുടങ്ങി
കൊച്ചി: കൊച്ചി മെട്രോ റെയില്‍ സര്‍വീസ് തുടങ്ങുന്നതിന്റെ അവസാന കടമ്പയായ മെട്രോ റെയില്‍ സുരക്ഷാ കമീഷണറുടെ പരിശോധന തുടങ്ങി. കമ്മീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റി ഓഫിസര്‍ കെ.എ മനോഹരന്റെ നേതൃത്വത്തില്‍ റെയില്‍വേ സുരക്ഷ കമ്മീഷണറുടെ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള സംഘമാണു ത്രിദിന പരിശോധനക്കെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതിനാണു പരിശോധകാസംഘം ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചത്. പാളങ്ങളുടെ സുരക്ഷ, സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍ സംവിധാനം, സുരക്ഷ മുന്‍കരുതലുകള്‍ക്കുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം സംഘം സന്ദര്‍ശിച്ചു. ആദ്യ ദിവസത്തെ പരിശോധന വൈകിട്ട് അഞ്ചു വരെ നീണ്ടു. വിവിധ ഏജന്‍സികളില്‍ നിന്നു നേരത്തേ തന്നെ ലഭിച്ച സുരക്ഷാസര്‍ട്ടിഫിക്കറ്റുകള്‍ കെ.എം.ആര്‍.എല്‍ സംഘത്തിന്റെ പരിശോധനക്കു വിധേയമാക്കി.
ആദ്യഘട്ട സര്‍വീസ് തുടങ്ങുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലാണു സംഘം പരിശോധന നടത്തുന്നത്. ഇന്നു മുട്ടത്ത് നിന്നു പരിശോധന തുടങ്ങും. തുടര്‍ന്നു കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്ന സംഘം അവസാന ദിവസം ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം സ്റ്റേഷനുകളും മുട്ടം ഡിപ്പോയും സന്ദര്‍ശിക്കും. ഇതിനകം പ്രവര്‍ത്തനക്ഷമമായ കൊച്ചി മെട്രോയുടെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ യൂനിറ്റും (ഒ.സി.ജി) അനുബന്ധ സൗകര്യങ്ങളും സംഘം അവസാന ദിവസം സന്ദര്‍ശിച്ച് വിലയിരുത്തും. കമ്മീഷണറുടെ പരിശോധനയില്‍ വിജയിച്ചാല്‍ മാത്രമേ യാത്രക്കാരെയും കയറ്റിയുള്ള മെട്രോ സര്‍വീസ് തുടങ്ങാനാവൂ. അന്തിമാനുമതി കിട്ടിയാല്‍ കുറഞ്ഞ സമയത്ത് ഏറ്റവും കൂടുതല്‍ ദൂരം ഉദ്ഘാടന സര്‍വിസ് തുടങ്ങുന്ന രാജ്യത്തെ ആദ്യ മെട്രോയെന്ന ഖ്യാതി കൊച്ചി മെട്രോക്കു ലഭിക്കും. സുരക്ഷ കമ്മീഷണറുടെ പരിശോധനയില്‍ ആത്മവിശ്വാസമുണ്ടെന്നും പരിശോധനക്കു ശേഷം അന്തിമാനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."