കുട്ടനാട്ടില്‍ ബിവറേജ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനായി നിലം നികത്തുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ പണം വാങ്ങി പിന്‍വാങ്ങിയതായി ആക്ഷേപം
കുട്ടനാട്: ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ ബിവറേജ് ഔട്‌ലറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലംനികത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്.
എന്നാല്‍ ആദ്യഘട്ടത്തില്‍ എതിര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും ഇവര്‍ പണം വാങ്ങി പിന്‍വാങ്ങിയതായും പ്രദേശ വാസികള്‍ ആരോപിക്കുന്നു. നിലം നികത്തുന്നതില്‍ പ്രതിഷേധിച്ചു സ്ഥലത്ത് നാട്ടിയ കോണ്‍ഗ്രസിന്റെയും, ബിജെപി യുടെയും കൊടികള്‍ അപ്രത്യക്ഷമായതാണ് ആക്ഷേപമുയരാന്‍ കാരണം.
തിങ്കളാഴ്ച രാത്രി പത്തോടെ പുന്നക്കുന്നം ബസ് സ്റ്റാന്റിനടുത്ത് ബിവറേജ് ഔട്ട്‌ലറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മദ്യവുമായി വണ്ടി എത്തുന്ന വിവരമറിഞ്ഞാണ് കോണ്‍ഗ്രസിന്റെയും, ബി.ജെ.പി യുടെയും പ്രാദേശിക നേതൃത്വം സ്ഥലത്തെത്തിയത്.
തങ്ങള്‍ വരുന്നതറിഞ്ഞ് മദ്യം ഇറക്കാതെ വാഹനവുമായി അധികൃതര്‍ സ്ഥലം വിട്ടതായി നേതാക്കള്‍ പറയുന്നു. അപ്പോഴാണ് പ്രദേശത്തെ സ്വകാര്യ ആശുപത്രി സ്ഥിതി ചെയ്യുന്നതിനു സമീപത്തെ ചതുപ്പു നിലത്തില്‍ മണ്ണിട്ടു നികത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ നികത്തിയ സ്ഥലത്ത് കൊടികള്‍ സഥാപിച്ചു. എന്നാല്‍ പിറ്റേന്ന വൈകുന്നേരത്തോടെ ആദ്യം ബിജെപിയുടെയും, പിന്നീട് കോണ്‍ഗ്രസിന്റെയും കൊടികള്‍ അപ്രത്യക്ഷമായി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായിരുന്ന തങ്കച്ചന്‍ കൂലിപ്പുരയ്ക്കല്‍, ബ്ലോക്കുപഞ്ചായത്തംഗം ഉല്ലാസ് ബി. കൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം പൗലോസ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധത്തിനെത്തിയിരുന്നത്.
നികത്ത് പ്രതിഷേധക്കാര്‍ വിവരം ഡിസിസി പ്രസിഡന്റിനെ അറിയിച്ചെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊടി കുത്തിയതെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ പറഞ്ഞു. കൊടി അപ്രത്യക്ഷമായതിനെത്തുടര്‍ന്ന് സ്ഥലമുടമയുമായി ബന്ധപ്പെടുകയും കൊടി തിരികെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു മറുപടിയായി സ്ഥലമുടമയുടെ ഭാഗത്തു നിന്നും ഭീഷണിയുണ്ടായതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രാദേശിക നേതാക്കളും നികത്തിലിനെതിരേ രംഗത്തുണ്ടായിരുന്നവരും പണം വാങ്ങിയെന്നാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചാരണം നടക്കുന്നത്. അതേ സമയം പരാതി ലഭിച്ചതിനെത്തുടര്‍ന്ന വില്ലേജ് ഓഫിസര്‍ മുഖേന നിലം നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി തഹസീല്‍ദാര്‍ കെ. ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."