മാണിയുടെ കൂറുമാറ്റം ഭരണ പ്രതിസന്ധിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
കോട്ടയം: കേരള കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ബന്ധം തകര്‍ന്നതോടെ ജില്ലയിലെ യു.ഡി.എഫ് ഭരണത്തിലുള്ള നാല്‍പ്പതു പഞ്ചായത്തുകളില്‍ ഭൂരിഭാഗത്തിലും ഭരണം പ്രതിസന്ധിയിലാകും. ഇരു പാര്‍ട്ടിയും ഭരണം പങ്കിടുന്ന മുപ്പത് ഗ്രാമപഞ്ചായത്തുകളാണ് കോട്ടയം ജില്ലയിലുള്ളത്. കൂടാതെ, ഏറ്റുമാനൂര്‍, ചങ്ങനാശേരി എന്നീ നഗരസഭകളും ളാലം ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണ പ്രതിസന്ധിയുണ്ടാകും. ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് വഞ്ചന കാട്ടിയതോടെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടാമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളില്‍ നിന്ന് ലഭിക്കുന്നതും ഇതുതന്നെ.
നാളിതുവരെ മാണി ഗ്രൂപ്പിനെതിരേ അതിശക്തമായി പ്രതികരിക്കാതിരുന്ന ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇന്നലെ മാണിക്കെതിരെ ആഞ്ഞടിച്ചതോടെ ഭരണം പങ്കിടുന്ന മറ്റു പഞ്ചായത്തുകളിലും ഇരുവരും പോര് മുറുക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസിലെ മൂന്ന് പഞ്ചായത്ത് അംഗങ്ങള്‍ പിന്തുണച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാതെ കോണ്‍ഗ്രസ് വിട്ടു നില്‍ക്കുകയും ഇടതുപക്ഷ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇവിടെ തുടങ്ങിയതായിരുന്നു കോണ്‍ഗ്രസുമായുള്ള മാണി ഗ്രൂപ്പിന്റെ അകല്‍ച്ച.
സംസ്ഥാന തലത്തില്‍ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചിരുന്നെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തല്‍സ്ഥിതി തുടരാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ മൂന്നിലവില്‍ കോണ്‍ഗ്രസ് കാലു വാരിയതോടെ തിരിച്ചു പകവീട്ടുകയായിരുന്നു മാണി ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. മാണി ഗ്രൂപ്പും കോണ്‍ഗ്രസും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങള്‍ പങ്കിട്ട ത്രിതല പഞ്ചായത്തുകളില്‍ പലതിലും ഇപ്പോള്‍ തന്നെ ഭരണത്തര്‍ക്കംമൂലം അനിശ്ചിതത്വത്തിലാണ്. ധാരണ പ്രകാരം ടേം മാറേണ്ടി വരുമ്പോള്‍ പോര് രൂക്ഷമാകും.
ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്വതന്ത്രരെ കൂട്ടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും തമ്മില്‍ ഭിന്നത രൂക്ഷമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയും കിട്ടി. കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്‌ളാക്കിത്തൊട്ടിയാണ് ഇവിടെ ചെയര്‍മാന്‍. കേരള കോണ്‍ഗ്രസ് എമ്മിലെ റോസമ്മ സിബി വൈസ് ചെയര്‍പേഴ്‌സണും.
ചങ്ങനാശേരിയില്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം. യു.ഡി.എഫിന്റെ 20 സീറ്റില്‍ 7 എണ്ണം മാണിഗ്രൂപ്പിന്റേതാണ്. എല്‍.ഡി.എഫിന് 13 സീറ്റുണ്ട്. പാലാ നഗരസഭയില്‍ കോണ്‍ഗ്രസിന്റെ പിന്തുണ കൂടാതെ ഭരിക്കാന്‍ മാണിക്കാകും. 26ല്‍ 17 സീറ്റ് മാണിഗ്രൂപ്പിനുണ്ട്. എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒന്നും. മൂന്നുസീറ്റുമാത്രമാണ് ഇവിടെ കോണ്‍ഗ്രസിനുള്ളത്. കോട്ടയം നഗരസഭയില്‍ 52 അംഗ കൗണ്‍സിലില്‍ കോണ്‍. 22, എല്‍.ഡി.എഫ് 17, കേരള കോണ്‍. 5, മുസലിംലീഗ് 1, ബി.ജെ.പി 5, സ്വത. 2 എന്നിങ്ങനെയാണ് കക്ഷിനില. ഇത്തരത്തില്‍ ഭരണം പങ്കിടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണമാറ്റമുണ്ടാകുമുന്നെതിന്റെ സൂചനയാണ് ഇരുപാര്‍ട്ടി നേതൃത്വവും നല്‍കുന്നത്. മാണിയെ മുന്‍നിര്‍ത്തി അട്ടിമറിയിലൂടെ ഭരണം കൈയിലൊതുക്കാനാണ് എല്‍.ഡി.എഫും ഇപ്പോള്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."