സര്‍ക്കാര്‍ ഭൂമി കൈയേറി ഏലം കൃഷി ചെയ്ത പ്രതിക്ക് തടവും പിഴയും
തൊടുപുഴ: സര്‍ക്കാര്‍ഭൂമി കയ്യേറി ഏലം കൃഷിയിറക്കിയ കേസിലെ പ്രതിക്ക് മൂന്നേകാല്‍ വര്‍ഷം തടവും 55000 രൂപ പിഴയും. രാജകുമാരി കളപ്പുരച്ചാല് മൂശാക്കുന്നേല് ബേസിലിനെയാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഹാഫിസ് മുഹമ്മദ് ശിക്ഷിച്ചത്.
2011 ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം. ആനയിറങ്കലിലുള്ള ഹിന്ദുസ്ഥാല് ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പാട്ടഭൂമി കയ്യേറി രണ്ടരയേക്കറോളം പ്രദേശത്ത് ഏലം കൃഷി നടത്തി.
ഈ പ്രദേശത്തുണ്ടായിരുന്ന യൂക്കാലി മരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഫാക്ടറിയുടെ സോണല്‍ മാനേജര്‍ ശാന്തന്‍പാറ പൊലിസില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. തുടരന്വേഷണം കോട്ടയം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സിഐ ആയിരുന്ന സി. ജെ ജോണ്‍സണാണ് നിര്‍വഹിച്ചത്. ഭൂസംരക്ഷണ നിയമം, യൂക്കാലി മരം നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ ലഭിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ബാലചന്ദ്രമേനോന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."