തൊടുപുഴയില്‍ സ്വകാര്യ ബസുകാരുടെ സമാന്തര ബസ് സ്റ്റാന്റ്
തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്.ടി.സി സ്റ്റേഷന്മാസ്റ്റര് ഓഫിസ് സ്ഥാപിക്കുന്നതിനെതിരേ തൊടുപുഴയില്‍ സ്വകാര്യ ബസുകാരുടെ സമാന്തര ബസ് സ്റ്റാന്റ്. ഇന്നലെ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ബഹിഷ്ക്കരിച്ച സ്വകാര്യ ബസുടമകള്‍ സമീപത്തു തന്നെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സമാന്തര ബസ് സ്റ്റാന്റ് ഒരുക്കി ബസ് സര്‍വീസ് നടത്തുകയായിരുന്നു.
ഇവിടെയും ബസ് സ്റ്റാന്റിലേതിനു സമാനമായ രീതിയില്‍ അനൗണ്‍സ്മെന്റും ഒരുക്കിയിരുന്നു. യാത്രക്കാര്‍ക്കായി കാത്തിരിപ്പു കേന്ദ്രവും താല്‍ക്കാലികമായി തയാറാക്കിയായിരുന്നു സമാന്തര ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം. ഇതിനിടെ കെ.എസ്.ആര്.ടി.സി ബസുകള്‍ തടയുകയും ചെയ്തു.
എന്നാല്‍ അപ്രതീക്ഷിതമായി ബസ് സ്റ്റാന്റ് മാറ്റിയത് യാത്രക്കാരെ വലച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ രാവിലെ ബസ് കയാറാനെത്തിയവര് കാലിയായ സ്റ്റാന്റ് കണ്ട് അമ്പരന്നു. കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രമാണു സ്റ്റാന്റിലുണ്ടായിരുന്നത്. പിന്നീട് തേടിപ്പിടിച്ചാണു യാത്രക്കാര്‍ സ്വകാര്യ ബസുകളുടെ പുതിയ സ്റ്റാന്റിലെത്തിയത്. സ്റ്റാന്റു മാറ്റിയത് ഗതാഗതക്കുരുക്കിനും കാരണമായി.
കെ.എസ്.ആര്.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ബസ് സ്റ്റാന്റില്‍ സ്റ്റേഷന്മാസ്റ്റര് ഓഫിസ് പ്രവര്‍ത്തിക്കുന്നതിനു അനുമതി തേടി ഡിപ്പോ അധികൃതര്‍ മുനിസിപ്പാലിറ്റിക്കു കത്തു നല്‍കിയത്. സ്റ്റേഷന് മാസ്റ്റര്‍ ഓഫിസ് തുറക്കാനും ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും നഗരസഭ കെ.എസ്.ആര്.ടി.സി.ക്കു അനുമതി നല്‍കുകയും ചെയ്തു.
ഇതില്‍ പ്രതിഷേധിച്ചാണു സ്വകാര്യ ബസ് ഉടമകള്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."