വിട പറഞ്ഞത് ഏവര്‍ക്കും പ്രിയപ്പെട്ട വിശാല്‍
തിരുവനന്തപുരം: ഏവര്‍ക്കും പ്രിയപ്പെട്ട സമര്‍ഥനായ വിദ്യാര്‍ഥിയെയാണ് കഴിഞ്ഞ 16ന് നടന്ന അപകടം തട്ടിയെടുത്തത്. എന്നാല്‍ അവയവദാനത്തിലൂടെ അവനിലെ നന്മ ഇനിയും കാലങ്ങളോളം നിലനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് മാതപിതാക്കളും ബന്ധുക്കളും. മണ്ണന്തല മുക്കോല സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിശാല്‍ സ്‌കൂളിലേക്കുള്ള യാത്രക്കിടെയാണ് അപകടത്തില്‍പെട്ടത്. മുക്കോല ജങ്ഷനില്‍ വച്ച് കാറിടിച്ചു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിശാലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ന്യൂറോ സര്‍ജറിക്ക് വിധേയമാക്കി തീവ്രപരിചരണം നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്‌ക മരണം സംഭവിച്ചു. വൈകുന്നേരം 4.30ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതസഞ്ജീവനിയിലെ ജീവനക്കാര്‍ അവയവദാനത്തിന്റെ സാധ്യതകളെപ്പറ്റി പിതാവിനോട് സംസാരിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയുമായിരുന്നു.
മുക്കോല മുത്തൂറ്റ് പെനിയല്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നമ്പര്‍ ഫ്‌ളാറ്റിലാണ് ഇപ്പോള്‍ ഇവരുടെ താമസം. മകന്റെ പഠിത്തന് വേണ്ടിയാണ് ദുബൈയിലായിരുന്ന സതീഷും കുടുംബവും മൂന്ന് വര്‍ഷം മുമ്പ് ഇവിടെയെത്തിയത്. മൂത്തമകന്‍ ഇസീസ് സതീഷ് (22) ദുബൈയില്‍ പഠിക്കുകയാണ്. ഇമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനായ സതീഷ് സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്തിടെയാണ് ദുബൈയില്‍ നിന്നും കേരളത്തിലെത്തിയത്. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ കാഞ്ഞിരംപാറ സ്വദേശി അജിത്തിനെ ട്രാഫിക് പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."