നിയന്ത്രണ സംവിധാനങ്ങള്‍ പരാജയം കൊട്ടാരക്കര ഗതാഗതക്കുരുക്കില്‍
കൊട്ടാരക്കര: ഗതാഗത പരിഷ്‌ക്കാരങ്ങള്‍ പരാജയപ്പെട്ടതോടെ കൊട്ടാരക്കര നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. മൂന്ന് റോഡുകള്‍ കൂടിച്ചേരുന്ന കവലകളായ റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍, കച്ചേരിമുക്ക്, ചന്തമുക്ക്, മുസ്‌ലിം സ്ട്രീറ്റ് മേല്‍പാലം ജങ്ഷന്‍, മിനര്‍വ ജങ്ഷന്‍, ലോട്ടസ് ജങ്ഷന്‍, രവിനഗര്‍ റോഡ് എന്നീ ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇത് കാല്‍നട യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കൊട്ടാരക്കര താലൂക്കിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം കൊട്ടാരക്കര ടൗണില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് ടൗണിലെത്തുന്ന ആളുകള്‍ റോഡ് മുറിച്ചുകടക്കാന്‍ പാടുപെടുകയാണ്. റോഡ് മുറിച്ചുകടക്കുവാനായി സീബ്രാ ലൈനുകള്‍ പലയിടങ്ങളിലുമെല്ലാം കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തില്‍ കൊട്ടാരക്കര പൊലിസ് പൂര്‍ണ പരാജയമായി മാറിയിരിക്കുന്നു.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും കാല്‍നടയാത്ര സുഗമമാക്കുവാനും വേണ്ടി പ്രത്യേക ട്രാഫിക് വാര്‍ഡന്‍മാരെ പലയിടത്തും നിയോഗിച്ചിട്ടില്ല. വിരലിലെണ്ണാവുന്ന ട്രാഫിക് വാര്‍ഡന്‍മാരുടെ സേവനമാണ് ടൗണില്‍ ഇപ്പോഴുള്ളത്. ഇതും കാര്യക്ഷമമല്ല. തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ ഇവര്‍ എത്താറുമില്ല. എല്ലാ മാസവും താലൂക്ക് വികസന സമിതി കൂടുമെങ്കിലും ഗതാഗത സുരക്ഷാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. കൊട്ടാരക്കര മുന്‍സിപാലിറ്റിയും യാത്രാവിരുദ്ധം പരിഹരിക്കുന്നതിനോ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനോ ആവശ്യമായ നടപടികള്‍ക്ക് മുന്‍കൈ എടുത്തിട്ടുമില്ല.
അനധികൃത പാര്‍ക്കിങ് തടയാന്‍ ട്രാഫിക് പൊലിസ് പലയിടത്തും നോ-പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടകളിലെ മുന്നിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നോ-പാര്‍ക്കിങ് ബോര്‍ഡുകള്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
എം.സി റോഡും എന്‍.എച്ചും സംഗമിക്കുന്ന പുലമണ്‍ കവലയില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം മിക്ക സമയവും പണിമുടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ട്രാഫിക് പൊലിസ് സംവിധാനത്തിനായി ടൗണിലെ പലയിടങ്ങളിലും പൊലിസ് സേനാംഗങ്ങളെ വിന്യസിച്ചിരുന്നു. കഴിഞ്ഞ രണ്ടുമാസം മുന്‍പ് ആ സുരക്ഷാ സംവിധാനവും പൊലിസ് പിന്‍വലിച്ചു. ഗതാഗത പരശ്‌നങ്ങള്‍ പരിഹരിക്കാനായി പുതിയതായി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള റിങ് റോഡിലാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."