ശ്രീകാര്യത്ത് മദ്യപ ഗുണ്ടാസംഘം എട്ടു വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു
ശ്രീകാര്യം: ചെറുവയ്ക്കലിന് സമീപം നമ്പിക്കല്‍ ലക്ഷംവീട് കോളനിയില്‍ മദ്യപിച്ച് ബൈക്കുകളിലെത്തിയ നാലംഗ സംഘം വാഹനങ്ങള്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റോഡിന് ഇരുവശങ്ങളിലും വീടുകളിലും പാര്‍ക്ക് ചെയ്തിരുന്ന എട്ടോളം വാഹനങ്ങളാണ് അടിച്ചുതകര്‍ത്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. വെട്ടുകത്തിയും വടിവാളുമായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു മാരുതി കാറുകള്‍, രണ്ടു പിക്കപ്പ് വാന്‍, ഒരു ആട്ടോ, മൂന്നു ബൈക്കുകള്‍ എന്നിവയാണ് ആക്രമണത്തിനിരയായത്.
വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുന്ന ശബ്ദം കേട്ട് സമീപവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ ആയുധധാരികളായ അക്രമികള്‍ അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഉടന്‍തന്നെ നാട്ടുകാര്‍ പൊലിസിനെ അറിയിച്ചുവെങ്കിലും നാട്ടുകാര്‍ കൂടിയതോടുകൂടി അക്രമിസംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു.
ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിസംഘത്തിലെ ആക്കുളം സ്വദേശി സച്ചു എന്ന അമലി (23)നെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. പ്രദേശവാസികളായ നമ്പിക്കല്‍ ലക്ഷം വീട് കോളനിയില്‍ ഷൈജു, ജോയി, പാറശ്ശാല സ്വദേശിയായ രാജന്‍, ഉണ്ണി എന്നിവരുടെ വാഹനങ്ങളാണ് തകര്‍ത്തത്.
മുഴുവന്‍ വാഹനങ്ങളുടെയും ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. പിടിയിലായ പ്രതിയില്‍ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി പൊലിസ് കണ്ടെടുത്തു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം കോളനിവാസികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
ആക്രമണത്തിന്റെ കാരണം കണ്ടെത്താന്‍ ഇതുവരെയും പൊലിസിന് കഴിഞ്ഞിട്ടില്ല. മറ്റുള്ളവരുമായി ലക്ഷം വീട് കോളനിയില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. പിടിയിലായ അമല്‍ മദ്യലഹരിയിലായിരുന്നുവെന്ന് ശ്രീകാര്യം പൊലിസ് അറിയിച്ചു.
ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംഭവസ്ഥലം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രമോദ് കുമാര്‍, മെഡിക്കല്‍ കോളജ് സി.ഐ ബിനുകുമാര്‍, ശ്രീകാര്യം എസ്.ഐ അനൂപ് കൃഷ്ണ, എസ്.ഐ ഗോപന്‍, കൗണ്‍സിലര്‍മാരായ വി.ആര്‍ സിനി, അലത്തറ അനില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."