സി.പി.ഐ ഓഫിസ് സന്ദര്‍ശിച്ച എന്‍.കെ പ്രേമചന്ദ്രനെതിരേ സി.പി.എം
കൊല്ലം: സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച മുഖത്തലയിലെ സി.പി.ഐ ഓഫിസ് സന്ദര്‍ശിച്ച എന്‍.കെ പ്രേമചന്ദ്രന് എം.പിക്കെതിരേ സി.പി.എം രംഗത്ത്. ശക്തമായ വിമര്‍ശനമാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ ഉന്നയിച്ചത്.
അടിപിടി നടക്കുന്നിടത്ത് പോകാന്‍ താല്പര്യമുണ്ടെങ്കില് എം.പി ആദ്യം പോകേണ്ടത് ഡി.സി.സി ഓഫിസിലാണെന്നായിരുന്നു വിമര്‍ശനം. രാജ്മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു കൈയേറ്റത്തിനു ശ്രമിച്ച ദിവസം എന്തുകൊണ്ടാണ് എം.പി സംഭവസ്ഥലത്ത് പോകാതിരുന്നതെന്നും ചോദിച്ചു.
മുഖത്തലയില്‍ സി.പിഎം പ്രവര്‍ത്തകര്‍ സി.പി.ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ഓഫിസ് തകര്‍ക്കുകയും ചെയ്തത് നാലുദിവസം മുന്‍പാണ്. എന്നാല്‍ സംഭവത്തെ നിസാരപ്രശ്നമാക്കിയാണ് ബാലഗോപാല്‍ പ്രതികരിച്ചത്. നേതാക്കള്‍ തമ്മിലോ പ്രവര്‍ത്തകര്‍ തമ്മിലോ യാതൊരു പ്രശ്നവുമുണ്ടായില്ലെന്നും പ്രാദേശികമായ കലഹമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ഉടന്‍തന്നെ അതെല്ലാം പരിഹരിച്ചിട്ടുണ്ടെന്നുമായിരുന്നു ബാലഗോപാലിന്റെ മറുപടി. ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി വാര്‍ഷികാഘോഷ ഭാഗമായി നാളെ വൈകിട്ട് ആറിന് ആശ്രാമം മൈതാനിയില്‍ റെഡ് വാളണ്ടിയര്‍ പരേഡും പൊതുസമ്മേളനവും നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."