ആദിവാസിവിരുദ്ധ നടപടികള്‍ക്കെതിരെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസുകളിലേക്ക് മാര്‍ച്ച്
തൊടുപുഴ: ആദിവാസികളെ ദ്രോഹിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകള്‍ക്ക് മുന്നിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
വനംവകുപ്പിന്റെ ആദിവാസിവിരുദ്ധ നിലപാടുകള്‍ തിരുത്തുക, കാട്ടാനശല്യത്തില്‍ നിന്നും ആദിവാസികളെ സംരക്ഷിക്കുക, ആദിവാസികള്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങള്‍ മുറിച്ചുപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് തടസം നില്‍ക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആദിവാസിമേഖലകളിലെ റോഡ്-ഭവനനിര്‍മാണം-കുടിവെള്ളപദ്ധതികള്‍ അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതില്‍ നിന്ന് വനംവകുപ്പ് പിന്മാറുക തുടങ്ങി അഞ്ച് മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.
മൂലമറ്റം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ മുട്ടം റെയ്ഞ്ച് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ഒക്ലാവ് ഉദ്ഘാടനം ചെയ്തു. കരിമണ്ണൂരില്‍ മലയിഞ്ചി ഫോറസ്റ്റ് ഓഫീസിനു മുന്നിലെ സമരം ജില്ലാ രക്ഷാധികാരി സി.വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അടിമാലിയില്‍ കൂമ്പന്‍പാറ റെയ്ഞ്ച് ഓഫീസ് സമരം ജില്ലാ പ്രസിഡന്റ് വിഷ്ണു. കെ. ചന്ദ്രനും മറയൂരില്‍ കാന്തല്ലൂര്‍ ഫോറസ്റ്റ് ഓഫീസിന് മുന്നിലെ ധര്‍ണ എ. സുന്ദരവും ഉദ്ഘാടനം ചെയ്തു. ശാന്തമ്പാറ ഫോറസ്റ്റ് ഓഫീസ് സമരം ടി. ജെ. ഷൈനും പീരുമേട് ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ തേക്കടി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലാല്‍ അട്ടപ്പാടിയും ഉദ്ഘാടനം ചെയ്തു.
ഇടുക്കിയില്‍ നകരമ്പാറ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സൗമ്യയും കട്ടപ്പനയില്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സംസ്ഥാന കമ്മിറ്റിയംഗം കെ. എസ് .രാജനും ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിലെ സമരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പ്രക്ഷോഭം വിജയിപ്പിച്ചവരെ ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് വിഷ്ണു. കെ. ചന്ദ്രനും ജില്ലാ സെക്രട്ടറി കെ. എ. ബാബുവും അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."