പൊലിസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി യുവതി
ഏറ്റുമാനൂര്‍: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്ത യുവാവിനെ പൊലിസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് പൊലിസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. ഭീഷണി മുഴക്കുന്ന രംഗം യുവതി തന്നെ ലൈവായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് വൈറലായി മാറി.
ബുധനാഴ്ച ഏറ്റുമാനൂര്‍ പൊലിസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍. മൊബൈല്‍ ഫോണിലൂടെയും ഫേസ് ബുക്കിലൂടെയും തന്നെ അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുകയും സന്ദേശങ്ങളയയ്ക്കുകയും ചെയ്തുവെന്നാരോപിച്ച് ഏറ്റുമാനൂര്‍ നെട്ടൂര്‍ കോട്ടേജില്‍ ഫിജോ ഹാരിഷ് എന്ന യുവതി നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ആരോപണവിധേയനായ ആര്‍.വൈ.എഫ് ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി അജോ കുറ്റിക്കനെതിരേ പൊലിസ് കേസെടുത്തുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. പരാതിയിലെ ആരോപണങ്ങള്‍ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലായിരുന്നു അറസ്റ്റ് നടക്കാതെ പോയതെന്നാണ് പൊലിസ് ഭാഷ്യം.
യുവാവ് സന്ദേശങ്ങള്‍ അയച്ചുവെന്ന് പറയുന്ന അക്കൗണ്ടുകളുടെ നിജസ്ഥിതി വ്യക്തമാകണമായിരുന്നു ആദ്യം. അതിനായി സൈബര്‍ സെല്‍ മുഖേനയുള്ള പരിശോധന നടന്നുവരികയാണെന്നും ഇതിന്റെ റിസള്‍ട്ട് ഫേസ്ബുക്കിന്റെ കാലിഫോര്‍ണിയായിലെ ഓഫിസില്‍ നിന്നുമാണ് ലഭിക്കേണ്ടതെന്നുമാണ് പൊലിസ് ഭാഷ്യം. ഇതിനിടെ യുവാവ് ഏറ്റുമാനൂര്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യവും നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."