യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: കുമ്പള പേരാലില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൊലക്കേസ് പ്രതികളടക്കം ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പേരാല്‍ പൊട്ടാരിയിലെ അബ്ദുല്‍ സലാമിനെ (27) നെ പെര്‍വാഡ് മാളിയങ്കരക്ക് സമീപത്തെ ഗ്രൗണ്ടില്‍ തലയറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ആറുപേരെ കുമ്പള സി.ഐ വി.വി മനോജും സംഘവും അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്നും പൊലിസ് അറിയിച്ചു.
കുമ്പള ബദ്‌രിയ നഗറിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് (39), ബദ്‌രിയ നഗറിലെ കെ.എസ് ഉമ്മര്‍ ഫാറൂഖ് (29), പെര്‍വാഡിലെ സഹീര്‍ (32), പേരാലിലെ നിയാസ് (31), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (36), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുണ്ടങ്കരടുക്കയിലെ ശ്മശാനത്തിനടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന സ്ഥലത്തുനിന്നാണ് ആറുപേരേയും അറസ്റ്റ് ചെയ്തത്. അബ്ദുല്‍ സലാമിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ പൊലിസ് കണ്ടെത്തി. അബ്ദുല്‍ സലാമിന്റെയും പ്രതികളുടെയും ചോരപുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞതായി പ്രതികള്‍ പൊലിസിനോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 30ന് വൈകുന്നേരം അഞ്ചിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 29ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ കയറി ഉമ്മയേയും തന്നെയും ഭീഷണിപെടുത്തിയതിന്റെ പ്രതികാരമായാണ് അബ്ദുല്‍ സലാമിനെ കൊന്നതെന്ന് പ്രധാനപ്രതി സിദ്ദിഖ് പൊലിസില്‍ മൊഴി നല്‍കി. തനിക്ക് നേരെ അബ്ദുല്‍ സലാം നേരത്തെ വധഭീഷണി മുഴക്കിയ വിരോധവും കൊലപാതകത്തിന് കാരണമായതായി സിദ്ദീഖ് പൊലിസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളതായ് പൊലിസ് പറഞ്ഞു. അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയ ശേഷം ശിരസ് ദൂരേ കൊണ്ടിടുകയും അബ്ദുല്‍ സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ പ്രതികള്‍ കുത്തിപരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന നൗഷാദാണ് പ്രതികളെ കുറിച്ച് പൊലിസിന് വിവരം നല്‍കിയത്.
അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിദ്ദീഖ് നേരത്തെ ഒരു കൊലക്കേസിലും ഉമ്മര്‍ ഫാറൂഖ് രണ്ട് കൊലക്കേസിലും പ്രതിയായിരുന്നു. സി.ഐ വി.വി മനോജിന് പുറമെ കുമ്പള എസ്.ഐ ജയശങ്കര്‍, ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ ബാലകൃഷ്ണന്‍, നാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."