മൊയ്തു കിഴിശ്ശേരിയുടെ അപൂര്‍വ പുരാവസ്തുക്കള്‍ ചരിത്ര മ്യൂസിയത്തിലേക്ക്
കൊണ്ടോട്ടി: 14 വര്‍ഷത്തിനിടെ മൂന്ന് ഉപഭൂഖണ്ഡങ്ങളിലെ 43 രാജ്യങ്ങള്‍ ചുറ്റിയ ലോകസഞ്ചാരി മൊയ്തു കിഴിശ്ശേരിയുടെ അപൂര്‍വ പുരാവസ്തുക്കള്‍ ഇനി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയിലെ ചരിത്ര മ്യൂസിയത്തില്‍ പുതിയ തലമുറയോട് കഥപറയും.മരുഭൂമിയും കടലും തടാകങ്ങളും ആകാശവും നടന്നും നീന്തിയും പറന്നും താണ്ടിയുള്ള മെയ്തുവിന്റെ ജീവിതത്തില്‍ ആകെയുളള ശേഷിപ്പുകളാണ് മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദിയിലെ മ്യൂസിയത്തിലേക്ക് മാറ്റുന്നത്. പുരാവസ്തു വകുപ്പ് മുന്‍ ഡയറക്ടര്‍ എസ്. ഹേമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പുരാവസ്തു വിദഗ്ധ ശ്രീലതയുടെ നേതൃത്വത്തില്‍ ഇവയുടെ കണക്കെടുപ്പ് നടത്തിവരികയാണ്. പുരാവസ്തുക്കള്‍ ഏറ്റെടുക്കുന്നതിന് സാംസ്‌കാരിക വകുപ്പ് നേരത്തെ അക്കാദമിക്ക് അനുമതി നല്‍കിയിരുന്നു.
വിവിധ ദേശങ്ങളില്‍ പല കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങള്‍, കറന്‍സികള്‍ എന്നിവക്കൊപ്പം കഠാരകളും വാളുകളും അടക്കമുള്ള ആയുധങ്ങള്‍, വാദ്യോപകരണങ്ങള്‍, പാത്രങ്ങള്‍ മുതലായവയാണ് മൊയ്തു കിഴിശ്ശേരിയുടെ ശേഖരത്തിലുള്ളത്. ജീവിതത്തിന്റെ വലിയൊരു ഭാഗം യാത്രക്ക് നീക്കിവച്ച അദ്ദേഹം വിവിധ നാടുകളില്‍ നിന്നായി ശേഖരിച്ചവയാണിവ. മ്യൂസിയത്തിനായി അക്കാദിയില്‍ നേരത്തെ നിര്‍മിച്ച കെട്ടിടം നവീകരിച്ചിരിക്കുകയാണ്. പുരാവസ്തുക്കള്‍ അക്കാദമിയിലെത്തിച്ച് മൂന്ന് മാസത്തിനകം മ്യൂസിയം തുറക്കാനുള്ള ശ്രമത്തിലാണ് വൈദ്യര്‍ അക്കാദമി.
10 വയസിനും 25 വയസിനുമിടയില്‍ 14 വര്‍ഷത്തിനിടെ മൊയ്തു കണ്ടതും അനുഭവിച്ചതും ഏഷ്യ,ആഫ്രിക്ക,യൂറോപ്പ് വന്‍കരകളിലായി പരന്നുകിടക്കുന്ന 43 രാജ്യങ്ങളാണ്. ഇവയില്‍ 24 രാജ്യങ്ങളിലും നുഴഞ്ഞ് കയറ്റക്കാരനായിരുന്നു. 50 രൂപയുമായി നാടുവിട്ട അഞ്ചാം ക്ലാസുകരന്‍ റഷ്യക്കെതിരേ അഫ്ഗാന്‍ മുജാഹിദികള്‍ക്കൊപ്പം ഗറില്ലാ പേരാളിയായതും ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാന്റെ സൈനികനായതും ചരിത്രം. തുര്‍ക്കിയിലും ഇറാനിലും മാധ്യമപ്രവര്‍ത്തകനായി കഴിഞ്ഞിട്ടുണ്ട്. ചാരനെന്ന് മുദ്രകുത്തി പല രാജ്യങ്ങളിലും ജയിലിലായതും സൂഫിയായതും ജീവിതത്തില്‍ ആടി തീര്‍ത്ത വേഷങ്ങളില്‍ ചിലത് മാത്രമാണ്. ലോക സഞ്ചാരത്തിനിടയില്‍ ചരിത്രം അനുഭവിപ്പിക്കുന്ന പുരാവസ്തുക്കളുടെ ശേഖരം സ്വന്തമാക്കാന്‍ മൊയ്തുവിനായി. അറബിക് കാലിഗ്രഫി, അനുഭവങ്ങള്‍ അക്ഷരങ്ങളാക്കിയ ഏഴു പുസ്തകങ്ങള്‍ ഇവ മാത്രമാണിന്ന് മൊയതുവിന് രോഗങ്ങള്‍ക്കൊപ്പം കൂട്ടിന്. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ കിഴിശ്ശേരി-മഞ്ചേരി റോഡിന് വിളിപ്പാട് അകലെയുളള റോസ് വില്ലയില്‍ മൊയ്തു കിഴിശ്ശേരി രോഗങ്ങളാല്‍ ഡയാലിസിസിന് വിധേയനായി കഴിയുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."