മുന്നറിയിപ്പില്ലാതെ കരിങ്കല്ല് വില വര്‍ധിപ്പിച്ചു; കരിങ്കല്ല് എടുക്കുന്നത് ലോറിക്കാര്‍ നിര്‍ത്തിവച്ചു
മൂവാറ്റുപുഴ: ക്വാറി ഉടമകള്‍ മുന്നറിയിപ്പില്ലാതെ കരിങ്കല്ല് വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കരിങ്കല്ല് എടുക്കുന്നത് ലോറിക്കാര്‍ നിര്‍ത്തിവച്ചു. ഇതോടെ ക്വാറികളുടെയും, ക്രഷറുകളുടെയും പ്രവര്‍ത്തനം നിലച്ചു.
പായിപ്രമാനാറി മേഖലയില്‍ കഴിഞ്ഞ ആഴ്ച മുതലാണ് കരിങ്കല്ലിന്റെ വില ഏകപക്ഷീയമായി ക്വാറി ഉടമകള്‍ വര്‍ദ്ധിപ്പിച്ചത് . ഒരടി കല്ലിന് 2.50 രൂപയാണ് ഏകപക്ഷീയമായി വര്‍ദ്ധിപ്പിച്ചത്. 150അടിയുളള ഒരുലോഡ് കല്ലിന് 375 രൂപ അധികം നല്‍കിയാല്‍ മാത്രമേ കല്ല് നല്‍കൂ എന്ന പിടിവാശിയിലാണ് ക്വാറി ഉടമകള്‍.
സര്‍ക്കാരിലേക്ക് ലക്ഷക്കണക്കിന് രൂപ അടക്കേണ്ട വന്നതിനാലാണ് കരിങ്കല്ല് വില കൂട്ടുന്നതെന്നാണ് ക്വാറി ഉടമകളുടെ വാദം. കല്ലിന് വില വര്‍ദ്ധിപ്പിച്ചതോടെ ക്രഷര്‍ ഉടമകളും തോന്നിയ പോലെ മിറ്റല്‍ വില വര്‍ദ്ധിപ്പിച്ചതായും ആക്ഷേപമുണ്ട്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച പണിമുടക്ക് നാലാം ദിവസമായ ഇന്നലേയും തുടര്‍ന്നു. സാധാരണ ഗതിയില്‍ ക്രഷര്‍ ഉടമകളും, ലോറി ഉടമകളും, ക്വാറി ഉടമകളും തമ്മില്‍ ചര്‍ച്ച ചെയ്താണ് കരിങ്കല്ല് വില വര്‍ദ്ധിപ്പിക്കാറ്. ഇക്കുറി ക്വാറി ഉടമകള്‍ ഏക പക്ഷീയമായി വില വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്നാണ് ലോറിക്കാരുടെ ആക്ഷേപം. സംഭവത്തെ തുടര്‍ന്ന് ടിപ്പര്‍ ലോറികള്‍ ഓട്ടം നിറുത്തിവക്കുകയും മറ്റു ലോറിക്കാരെ തടയുകയും ചെയ്തു. ഇതോടെ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചു.സാധാരണ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായ സന്ദര്‍ഭത്തില്‍ കരിങ്കല്ലിന് അമിതമായി വിലവര്‍ദ്ധിപ്പിച്ചതിന് ഒരു ന്യായികരണവുമില്ല. ചിലവ് അമിതമായി വര്‍ദ്ധിച്ചതിനാലാണ് കരിങ്കല്ല് വില വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് ക്വാറി ഉടമകളുടെ വാദം ശരിയല്ലെന്ന് ലോറിക്കാര്‍ പറഞ്ഞു. പഞ്ചായത്തില്‍ ഇന്നലെ ക്വാറി ഉടമകളും,ലോറിക്കാരുമായി ചര്‍ച്ചക്ക് വച്ചിരുന്നെങ്കിലും ചര്‍ച്ച നടന്നതായി അറിവില്ല.
എന്നാല്‍ വില വര്‍ദ്ധനയില്‍ തീരുമാനമാകാതെ ലോഡ് എടുക്കണ്ടന്നാണ് ലോറിക്കാരുടെ പൊതുതീരുമാനം. ചെറുതും വലുതുമായ പന്ത്രണ്ടോളം പാറമാടകള്‍ പ്രവര്‍ത്തിക്കുന്ന പായിപ്ര മാനാറിയില്‍ നിന്നും ദിവസവും രണ്ടായിരത്തി അഞ്ഞൂറ് ലോഡ് കരിങ്കല്ലാണ് കയറി പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."